തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്. യുവമോർച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിൻറെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാൻഡ് റിപ്പോർട്ടിൽ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്.
നെഞ്ചിൽ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളിൽ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറിൽ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
Discussion about this post