ആലുവ: ആലുവയിൽ ഗാർഹികപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും സന്ദേശത്തിൽ മോഫിയ പറഞ്ഞിട്ടുണ്ട്.
ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ നടന്ന പീഡനങ്ങളെ കുറിച്ചും ഓഡിയോ ക്ലിപ്പിൽ പരാമർശമുണ്ട്. മോഫിയയുടെ ഭർത്താവ് സുഹൈലിൽ നിന്നും പിടിച്ചെടുത്ത ഫോണിലാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
ഡോക്ടറിൽ കുറഞ്ഞയാളെ വിവാഹം കഴിച്ചുവെന്ന എതിർപ്പ് സുഹൈലിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് മോഫിയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ സുഹൈൽ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പ്രതികളെ കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചിരുന്നു. കോതമംഗലത്തെ വീട്ടിൽ ഗാർഹിക പീഡനം നടന്നതിന് തെളിവുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Discussion about this post