കാക്കനാട്: മൃതദേഹവുമായി ചീറിപ്പാഞ്ഞ ആംബുലന്‍സ് പിടികൂടി. ഡ്രൈവര്‍ക്ക് വന്‍ തുക പിഴയീടാക്കി. ഗുരുതര രോഗികളുമായി പോകുമ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള സൗകര്യങ്ങളെല്ലാം എടുത്തായിരുന്നു കോവിഡ് രോഗിയുടെ മൃതദേഹവുമായി ആംബുലന്‍സ് കുതിച്ചത്. എറണാകുളം മുതല്‍ തൂത്തുക്കുടി വരെയായിരുന്നു കുതിപ്പ്. ഒടുവില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ സിനിമാക്കഥ പോലൊരു ചേസിങിനൊടുവില്‍ ഡ്രൈവര്‍ പിടിയിലായി.
അടിയന്തര ഘട്ടങ്ങളില്‍ മാത്രം സ്വീകരിക്കേണ്ട ആംബുലന്‍സ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതിനാണ് അടൂര്‍ സ്വദേശിയായ ജോയ് എന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്. എറണാകുളം ആര്.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. ചന്തു ഒറ്റയ്ക്ക് മണിക്കൂറുകള്‍ പിന്തുടര്ന്നാണ് നിയമലംഘനം കണ്ടെത്തിയത്.
സംഭവം ഇങ്ങനെ;
കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ്, തിരുവനന്തപുരത്തെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്ന ചന്തുവിന്റെ മുന്നിലെത്തിയത് അരൂരില്‍വെച്ച്. അത്യാസന്ന നിലയിലുള്ള രോഗികളുമായി കുതിക്കുന്ന മട്ടില്‍ സൈറണും ലൈറ്റുമെല്ലാം ഇട്ട്, അമിതവേഗത്തിലായിരുന്നു ആംബുലന്‍സ്. പുറകില്‍ രണ്ടു കാറുകളിലായി ബന്ധുക്കളുമുണ്ടായിരുന്നു.
ആംബുലന്‍സിന്റെ പിറകില്‍ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ഫ്രീസറിനുവേണ്ടി ഘടിപ്പിച്ച ജനറേറ്റര്‍ കണ്ട് സംശയംതോന്നിയാണ് ചന്തു പിന്തുടര്ന്ന് നിരീക്ഷിച്ചത്. എങ്കിലും കര്‍ട്ടനിട്ട് മറച്ചതിനാല്‍ ഉള്‍വശം കാണാനായില്ല. രോഗിയാണോയെന്ന് സംശയമുള്ളതിനാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുമാവില്ല. ഇതേത്തുടര്‍ന്ന് എ.എം.വി.ഐ. ചന്തു കൂടുതല്‍ ദൂരം പിന്തുടര്ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി.
തിരുവനന്തപുരം വരെ നീണ്ട ഈ ചേസിങില്‍ 15-ഓളം ട്രാഫിക് ജങ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ തെറ്റിച്ച് യാത്രചെയ്തതായും കണ്ടെത്തി. വാഹനങ്ങളും പോലീസുമെല്ലാം ആംബുലന്‍സിന് വഴിയൊരുക്കുന്നുമുണ്ടായിരുന്നു. പിന്നീട്, ചന്തു ഡ്യൂട്ടിയില്‍ തിരികെയെത്തിയ ശേഷം ആംബുലന്‍സിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറെ കണ്ടെത്തുകയും രോഗിയുമായല്ല, മൃതദേഹവുമായാണ് പോയതെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
Discussion about this post