ചേര്‍ത്തല: 155 ദിവസത്തെ യാത്ര കൊണ്ട് ശ്രീജിത്ത് കണ്ടത് കാശ്മീര്‍ ഉള്‍പ്പടെ 15 സംസ്ഥാനങ്ങളാണ്. അതിര്‍ത്തികടന്ന് നേപ്പാളിലും കറങ്ങി. ശ്രീജിത്തിന്റെ സൈക്കിളിലുള്ള ഈയാത്രയ്ക്കു ചെലവായത് 15,000 രൂപയില്‍ താഴെ മാത്രമാണ്. പട്ടണക്കാട് പാറയില്‍ കുര്യന്‍ചിറ തമ്പിയുടെ മകനാണ് 28കാരനായ ശ്രീജിത്ത്. ജൂണ്‍ മൂന്നിനു ചേര്‍ത്തല പട്ടണക്കാട്ടുനിന്നാണ് യാത്ര തുടങ്ങിയത്.
അഞ്ചുമാസം പിന്നിട്ട് ഡിസംബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് യാത്ര അവസാനിച്ചത്. കാശ്മീരും ലഡാക്കുംവഴി ഖര്‍ദുംഗ് ലാ ചുരം കടന്നാണ് ഉത്തരാഖണ്ഡു വഴി നേപ്പാളില്‍ പ്രവേശിച്ചത്. കാഠ്മണ്ഡുവില്‍ സാംസങ്ങിലെ ഉദ്യോഗസ്ഥനായ കൈലാസനാഥനും കുടുംബവും സൗകര്യമൊരുക്കി. മൂന്നുദിവസമായിരുന്നു നേപ്പാളിലെ സഞ്ചാരം.
ദിവസേന 50- 100 രൂപമാത്രം ചെലവഴിച്ചായിരുന്നു യാത്ര. താമസം ടെന്റടിച്ചും അഭയകേന്ദ്രങ്ങളിലുമായിരുന്നു. ഭക്ഷണം കഴിവതും സ്വയം പാകംചെയ്ത് കഴിച്ചു. സ്റ്റൗ അടക്കമുള്ള സാമഗ്രികള്‍ സൈക്കിളില്‍ കരുതിയായിരുന്നു ശ്രീജിത്തിന്റെ സഞ്ചാരം. ടെന്റുള്‍പ്പെടെ 30 കിലോയാണ് സൈക്കിളില്‍ കൂടെക്കരുതിയത്. ദിവസേന 60- 70 കിലോമീറ്ററായിരുന്നു ശരാശരി യാത്ര. ഖര്‍ദുംഗ് ലാ ചുരത്തിലൂടെ ഗിയറില്ലാത്ത സൈക്കിളിലെ യാത്ര ശ്രമകരമെങ്കിലും വലിയ അനുഭവമായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു.
ലഡാക്കിലെ കടുത്ത തണുപ്പൊഴിച്ചാല്‍ മറ്റു തടസ്സങ്ങളുണ്ടായില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ദീര്‍ഘദൂര യാത്രനടത്തിയത്. ടൂറിസത്തില്‍ എം.ബി.എ. എടുത്ത് ടൂര്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുന്ന ശ്രീജിത്ത്, ജോലിക്കു കോവിഡ്വരുത്തിയ ഇടവേളയാണു യാത്രയ്ക്കായി തിരഞ്ഞെടുത്തത്. വാരാണസിയില്‍ നിന്നു തീവണ്ടിയിലാണു നാട്ടിലേയ്ക്കുള്ള മടക്കം.
Discussion about this post