പെരിങ്ങര: സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വൈരാഗ്യമെന്ന് തെളിഞ്ഞു. താൻ യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷനാണെന്ന് ഒന്നാം പ്രതി ജിഷ്ണു ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇതോടെ സന്ദീപിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന ബിജെപി-ആർഎസ്എസ് വാദം പൊളിഞ്ഞിരിക്കുകയാണ്.
കൊലപാതകത്തിൽ പ്രതികൾ സിപിഎമ്മുകാർ തന്നെയാണെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും വരുത്തിത്തീർക്കാനായിരുന്നു ആർഎസ്എസ് ശ്രമം. എന്നാൽ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ ആർഎസ്എസ് പ്രവർത്തകരെ വെള്ളപൂശാനുള്ള നീക്കം പാടെ തകർത്തിരിക്കുകയാണ്.
ഇതോടൊപ്പം മുതിർന്ന ബിജെപി സംസ്ഥാന നേതാക്കൾക്കൊപ്പം ജിഷ്ണു അടുത്ത് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ രാഷ്ട്രീയം പ്രകടമാക്കുന്ന നിരവധി പോസ്റ്റുകളും ജിഷ്ണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കാണാം. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംഭവത്തിൽ പ്രതികളായ നാലു ആർഎസ്എസ് പ്രവർത്തകരാണ് ഇതുവരെ പിടിയിലായത്. പെരിങ്ങര ചാത്തങ്കേരി ജിഷ്ണു, പായിപ്പാട് കൊങ്കുപ്പറമ്പ് പ്രമോദ്, അഴിയിലത്തുചിറ നന്ദുഭവൻ പറത്തറത്തുണ്ടിയിവ് നന്ദുകുമാർ, ചെറുപുഴ മരുതുമപടി കുന്നിൽ ഹൗസ് മുഹമ്മദ് ഫൈസൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ പിബി സന്ദീപിനെ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ ആർഎസ്എസ് സംഘം വഴിയിൽ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചത്തും പുറത്തും കൈയ്ക്കും കാലിനും വെട്ടേറ്റിരുന്നു.
Discussion about this post