തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികളുളളത് ആലപ്പുഴ ജില്ലയിലെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയുടേതാണ് റിപ്പോര്‍ട്ട്. ജനസംഖ്യാനുപാത കണക്കില്‍ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ ആലപ്പുഴക്കാരാണ്.
ബവ്റിജസ് കോര്‍പറേഷന്റെ കണക്കുകളില്‍ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ മാസത്തെ കണക്കില്‍ ആലപ്പുഴക്കാര് മാത്രം കുടിച്ചത് 90,684 കെയ്സ് റം ആണ്. അതിന് പുറമേ ബീയര്‍ വിറ്റത് 1.4 ലക്ഷമാണ്.
ജനസംഖ്യ അനുപാതത്തില്‍ നോക്കിയാല്‍ ആലപ്പുഴയിലാണ് മദ്യപാനികളുടെ എണ്ണം കൂടുതല്‍. പുരുഷന്മാര്ക്കിടയില് 29 ശതമാനം പേര് ആലപ്പുഴയില്‍ മദ്യപിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം ആലപ്പുഴയിലെ സ്ത്രീകള്‍ക്കിടയില്‍ വെറും 0.2 ശതമാനത്തിന് മാത്രമേ മദ്യപാന ശീലം ഉള്ളുവെന്നും സര്‍വേ വ്യക്തമാക്കുന്നു.
കോട്ടയം ജില്ലയാണ് മദ്യപാനികളുടെ എണ്ണത്തില്‍ രണ്ടാമത്. ഇവിടെ 27.4 ശതമാനമാണ് മദ്യപാന ശീലം. സ്ത്രീകള്‍ക്കിടയില്‍ ഇത് 0.6 ശതമാനമാണ്. അതേ സമയം കോട്ടയത്ത് ബ്രാണ്ടിയാണ് പ്രിയപ്പെട്ട മദ്യം എന്നാണ് ബീവറേജ് കോര്പ്പറേഷന് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തിന്റെ മദ്യപാനികളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത് തൃശ്ശൂര്‍ ജില്ലയാണ്. ഇവിടെ ശരാശരി 26.2 ശതമാനം പുരുഷന്മാരും, 0.2 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടെന്നാണ് കുടുംബാരോഗ്യ സര്‍വേ പറയുന്നത്.
അതേസമയം കേരളത്തില്‍ ഏറ്റവും കുറവ് മദ്യപാനികള്‍ ഉള്ള ജില്ല മലപ്പുറമാണ് ഇവിടെ 7.7 ശതമാനം പുരുഷന്മാരാണ് മദ്യം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന ജില്ല വയനാടാണ് ഇവിടുത്തെ സ്ത്രീകള്‍ക്കിടയിലുള്ള ശരാശരി 1.2 ശതമാനമാണ്.
കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയില്‍ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തുന്നത്.
ദേശീയ തലത്തില്‍ 15 വയസിന് മുകളിലുള്ള മദ്യപിക്കുന്നവരുടെ ശരാശരി എണ്ണം 18.8 ആണെങ്കില്‍ കേരളത്തില്‍ അത് 19.9 ആണെന്ന് സര്‍വേ പറയുന്നു.
Discussion about this post