തൃശ്ശൂര്‍: കൂടിയാട്ടം കലയെ നശിപ്പിക്കുന്ന തരത്തില്‍ പുതുതലമുറയില്‍ വളര്‍ന്നുവരുന്ന ജാതായ ചിന്തയേയും കലോത്സവ വേദികളിലെ കഴമ്പില്ലാത്ത പ്രതിഷേധങ്ങളേയും തുറന്നുകാണിച്ച് കൂടിയാട്ടം-ചാക്യാര്‍കൂത്ത് കലാകാരന്‍ ഡോ. കലാമണ്ഡലം കനകകുമാര്‍. ആലപ്പുഴയില്‍ നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അര്‍ഹതയുണ്ടായിട്ടും തന്നെ ജഡ്ജസ് സ്ഥാനത്തു നിന്നും ഇറക്കി വിട്ട പ്രതിഷേധത്തിന് പിന്നില്‍ ജാതീയ സമവാക്യങ്ങളാണെന്നും അപകര്‍ഷതാ ബോധവും പണക്കൊതിയുമാണെന്നും കനകകുമാര്‍ ആരോപിക്കുന്നു.
സംഭവം വിശദീകരിച്ച് ഡോ. കലാമണ്ഡലം കനകകുമാര്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്:
പരമാത്മാവ് നൊമ്പരപ്പെട്ടിരിക്കും…..
പാരമ്പര്യം, അനുഷ്ഠാനം, നാട്യധര്‍മ്മി, ഞാന്‍, അമ്മാവന്‍, മുത്തമ്മാമന്‍ എന്നൊക്കെ വാ തോരാതെ മുറവിളി കൂട്ടുന്ന ചില കപട മേല്‍ജാതി കൂടിയാട്ടക്കാരും മിഴാവുകാരും അവരുടെ പിണിയാളുകളും സ്വേച്ഛാധിപത്യത്തിനും പണത്തിനും വേണ്ടി കൂടിയാട്ടം വേഷമണിയിച്ച് തെരുവിലേക്കിറക്കി വിടുകയുണ്ടായി.. 2018ലെ സംസ്ഥാന കലോത്സവ വേദിയില്‍ സംഭവിച്ച ഒരു വിവാദ – വിഷാത മത്സരത്തിനു് വിധികര്‍ത്താവാകാന്‍ നിര്‍ബന്ധിതനാകാന്‍ വിധിക്കപ്പെട്ടവന്റെ തുറന്നു പറച്ചിലാണ്.
14 ജില്ല മാത്രമുള്ള കേരളത്തില്‍ 17 ഗ്രൂപ്പ് കൂടിയാട്ടം വിഭാഗത്തില്‍ മത്സരിക്കുന്നുണ്ടത്രേ… !,
അതില്‍ 15 ഗ്രൂപ്പും ഒരു കൂടിയാട്ട കലാ ഉന്നത ജാതി പാരമ്പര്യ വക്താവിന്റെ ശിക്ഷണത്തിലുള്ളവര്‍ മാത്രമാണത്രേ!, 1965 ല്‍ കേരള കലാമണ്ഡലത്തില്‍ പാഠ്യവിഷയം ആയി തുടങ്ങിയ കൂടിയാട്ടത്തില്‍ നിന്ന് വേറെ ജാതിക്കാരാരും കൂടിയാട്ടം പഠിച്ചിറങ്ങിയില്ലേ?, അവരില്‍ ആരും കലോത്സവത്തിന് പഠിപ്പിക്കാന്‍ തയ്യാറായില്ല എന്നോ?, അതോ പ്രബുദ്ധ കേരളം കലോത്സവ മത്സരവേദി ഈ കലയുടെ എല്ലാ അവകാശവും അധികാരവും മേല്‍ പറഞ്ഞ മേല്‍ജാതി വിഭാഗത്തിലെ ഒരാള്‍ക്കായി ഈതീറെഴുതിക്കൊടുത്തുവോ?…’
എന്തു തന്നെ ആയാലും ശരി !
കഴിഞ്ഞ 7, 8, 9 (2018) തിയ്യതികളിലായി ആലപ്പുഴയില്‍ വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്ത് ,കൂടിയാട്ടം എന്നീ മത്സരങ്ങള്‍ക്ക് വിധികര്‍ത്താവാകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കലാമണ്ഡലം അദ്ധ്യാപകനായ ഞാന്‍ നിര്‍ബന്ധിതനായി, 7 ന് കാലത്ത് 9 മണിക്ക് വേദി നമ്പര്‍ 8 ല്‍ ആരംഭിച്ച HS വിഭാഗം ചാക്യാര്‍കൂത്ത് ആക്ഷേപമില്ലാതെ വിധി നിര്‍ണ്ണയം കഴിഞ്ഞ് ജഡജസിന്റെ റൂമിലെത്തിയപ്പോള്‍ കുറച്ച് രക്ഷാകര്‍ത്താക്കള്‍ ഒപ്പിട്ട പരാതിയുമായി ഡി.പി.ഐ ഉദ്യോഗസ്ഥരും വിജിലന്‍സും എന്നെ സമീപിച്ചു.അന്നേ ദിവസം നടന്ന ചാക്യാര്‍കൂത്ത് മത്സരത്തെക്കുറിച്ചായിരുന്നില്ല പരാതി. (നാളെ )പിറ്റേന്നാള്‍ (8.12.2018) ന് നടക്കാനുള്ള കൂടിയാട്ടം മത്സരത്തിന്റെ മുന്‍കൂര്‍ പരാതിയാണ്.
.. ഇങ്ങിനെയാണിത്
…’കലാമണ്ഡലം കനകകുമാറും പൈങ്കുളത്തുള്ള ഏതോ ഒരു ചാക്യാരും കലോത്സവത്തില്‍ കുട്ടികളെ പഠിപ്പിച്ച് മത്സരിപ്പിക്കുന്നുണ്ട്, ഇവര്‍ പല ഇനങ്ങളിലും വിധികര്‍ത്താക്കളും ആണ് ആയതിനാല്‍ 8 ന് നടക്കുന്ന HSS വിഭാഗം കൂടിയാട്ട മത്സരത്തിന് ഇവരെ വിധികര്‍ത്താക്കളാക്കരുത്…’
ആ ഏതോ ചാക്യാര്‍ നിലവില്‍ വിധികര്‍ത്താവല്ല, കുട്ടികളെ മത്സരിപ്പിക്കുന്നുമുണ്ട്,
അയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് എന്റെയും ആ ചാക്യാരുടെ പേരും കൂട്ടി ചേര്‍ത്ത് പരാതിപ്പെട്ടത്.
നിലവില്‍ ഞാന്‍ ആരേയും കലോത്സവത്തിനു് പഠിപ്പിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യുന്നില്ല.
അപ്പോള്‍ തന്നെ തിരിച്ചുപോരാന്‍ നിന്ന എന്നെ നാളത്തെ കൂടിയാട്ടം ജഡ്ജ് മെന്റ് ചെയ്യണമെന്നും ഈ പരാതി കഴമ്പില്ലാത്തതാണെന്നും പറഞ്ഞ് എ. ഡി .പി .ഐ നിര്‍ബന്ധിക്കുകയും എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് വേദി 4 ല്‍ വിധികര്‍ത്താവായി ചെന്നപ്പോള്‍ ഭാഗികമായി മാത്രം വേഷം കെട്ടിയിട്ടുള്ള മത്സരാര്‍ത്ഥികളില്‍ ഒരു കൂട്ടം എന്നെ (കലാമണ്ഡലം കനകകുമാറിനെ ) മാത്രം ഒഴിവാക്കിയാലേ മത്സരിക്കൂ എന്നും അല്ലാത്തപക്ഷം മത്സരം ഉപേക്ഷിക്കുമെന്നും, മത്സരത്തിന് തയ്യാറാകുന്ന മറ്റു കുട്ടികളെ അനുവദിക്കില്ലെന്നും പറഞ്ഞ് എനിക്കെതിരെ ‘ബഹളവും ‘ഗോ ബാക്ക് ‘മുദ്രാവാക്യം വിളികളും ഒക്കെ ആയി.
3, 4 പ്രാവശ്യം എ ഡി പി ഐ ഇടപെട്ട് പ്രക്ഷോഭകരോട് കാര്യങ്ങള്‍ വിശദീകരിച്ച് മത്സരം നടത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും വകവക്കാന്‍ കുട്ടികള്‍ തയ്യാറാകാതെ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയും ഒക്കെ ആയപ്പോള്‍ ഈ സ്റ്റേജിലെ മത്സരം താല്‍ക്കാലികമായി നിറുത്തിവച്ചതായി പ്രഖ്യാപിച്ച് ഞാനടങ്ങുന്ന ജഡ്ജിമാരെ തിരിച്ച് കൊണ്ടു പോരുകയും ചെയ്തു .
ഞാന്‍ കഴിഞ്ഞ വര്‍ഷം പഠിപ്പിച്ച മറ്റത്തേയും ,മാന്നാറിലേയും സ്‌കൂളുകളിലെ അദ്ധ്യാപകര്‍ ഈ വര്‍ഷവും പഠിപ്പിക്കാന്‍ വിളിച്ചിരുന്നു എന്നാല്‍ ഞാന്‍ കലോത്സവത്തിന് പഠിപ്പിക്കുന്നത് നിറുത്തിയതായി അറിയിക്കുകയാണ് ഉണ്ടായത്.ഈ അദ്ധ്യയന വര്‍ഷം ഞാന്‍ ആരേയും പഠിപ്പിക്കുകയോ മത്സരിപ്പിക്കുകയോ വിധി നിര്‍ണ്ണയം നടത്തുകയോ ചെയ്തിട്ടും ഇല്ല. ആദ്യമായാണ് സംസ്ഥാന കലോത്സവ വിധികര്‍ത്താവ് ആയി ചെല്ലുന്നതും.മേല്‍ പറഞ്ഞ സ്‌കൂളുകളിലെ കുട്ടികള്‍ മത്സരിക്കുന്ന വിവരം പരാതിയേയും ബഹളത്തേയും തുടര്‍ന്നാണ് എനിക്ക് മനസ്സിലായത്.നിലവില്‍ ആ ദിവസത്തെ ആ മത്സരത്തിന് വിധികര്‍ത്താവാകന്‍ പൂര്‍ണ്ണ യോഗ്യതയുള്ള ഏക വ്യക്തി ഞാന്‍ മാത്രമായിരുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ് എന്നെ മാത്രം ഒഴിവാക്കാന്‍ ഇത്രമാത്രം ശാഠ്യം പിടിച്ചത്. ഇത് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെട്ടിട്ടും ഉണ്ട്. എന്നാല്‍ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും വാസ്തവ വിരുദ്ധവും അപകീര്‍ത്തികരവും ആയി പ്രചരിപ്പിച്ച വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രേരകശക്തിയായിട്ടുള്ളത് ജാതീയ വിദ്വേഷവും, കഴിവില്ലായ്മയും, പണക്കൊതിയും, ഏകാധിപത്യ താല്‍പര്യവും, കലാപ്രയോഗത്തിലെ ഷണ്ഡത്വവും ആണ് എന്നതിന്റെ ദൃഷ്ടാന്തമാണ് .
ഇങ്ങിനൊക്കെ കലോത്സവ വേദി പോലും പരിണമിച്ചപ്പോള്‍……
ജാതി മത ഭേതമന്യേ ഏവര്‍ക്കും കൂടിയാട്ടം പഠിക്കാനും അവതരിപ്പിക്കാനും കേരള കലാമണ്ഡത്തിലൂടെയും ബാഹ്യതലങ്ങളിലൂടെയും വഴിതെളിച്ച ആചാര്യപരമ്പര… – -ത്യാഗനിര്‍ഭരവും മഹത്വപൂര്‍ണ്ണവും വിശാലവുമായ വീക്ഷണങ്ങളെ ആദരവോടെയും സാധനാവൈഭവത്തോടെയും സമൂഹത്തിന് പകര്‍ന്ന് നല്‍കി ചരിത്രം രചിച്ച് നിഷ്‌കാമപൂര്‍വ്വം മണ്‍മറഞ്ഞ ഗുരുക്കന്മാര്‍….. ആ ആത്മാക്കള്‍….സമാധാനിക്കുകയും അഭിമാനിക്കുകമായിരുന്നു….,
എന്നാല്‍ ,തങ്ങളുടെ തന്നെ വംശത്തിലെ ചില വികല പിന്‍ഗാമി മനസ്സുകളുടെ ഇപ്പോഴത്തെ ചെയ്തികള്‍ ( 8/12/2018 ന് ആലപ്പുഴ കലോത്സവനഗരിയില്‍ നടന്ന അഴിഞ്ഞാട്ടം ) കണ്ട്
വിങ്ങിപ്പൊട്ടിയിട്ടുണ്ടാകും.! ശപിച്ചിരിക്കും തീര്‍ച്ച.
ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എന്നറിഞ്ഞിട്ടും കൂത്തും കൂടിയാട്ടവും സ്വധര്‍മ്മമായി കരുതിപ്പോരുന്ന നിഷ്ഠയുള്ള, പാരമ്പര്യമുള്ള, കുലമഹിമയുള്ള ഒരുവരുടേയും ഒരു പ്രതികരണവും നാളിതുവരെ കണ്ടില്ല. സ്വജനപക്ഷപാതവും ജാതീയ വേര്‍തിരിവും സമൂഹത്തിന് ബോധ്യപ്പെടില്ലെന്ന കേവല ധാര്‍ഷ്ട്യം ആയിരിക്കാം ഇത്തരക്കാരുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം.
ഡോ: കലാമണ്ഡലം കനകകുമാര്‍
കൂടിയാട്ടം, ചാക്യാര്‍കൂത്ത് കലാകാരന്‍.