ചേര്‍ത്തല: പഞ്ചാബിലെ ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി(31) ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായി സഭാധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍, മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി.
മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്കു പരാതിനല്‍കി. 29-ന് രാത്രി വീട്ടിലേക്കുവിളിച്ചപ്പോള്‍ മകള്‍ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
മരണത്തിലും അവിടെനടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും സംശയമുള്ളതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. ജന്മദിനമായ രണ്ടിനു തന്നെ മൃതദേഹം നാട്ടിലെത്തിക്കും. അമ്മ: കര്‍മിലി, സഹോദരന്‍: മാര്‍ട്ടിന്‍.
അതേസമയം, സിസ്റ്റര്‍ മേരിമേഴ്‌സിയുടെ മരണം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചശേഷമാണു തുടര്‍നടപടികള്‍ സ്വീകരിച്ചതെന്നു മഠം അധികൃതര്‍ പത്രക്കുറുപ്പിലൂടെ അറിയിച്ചു. സിസ്റ്റര്‍ എഴുതിയ കത്തില്‍ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ സ്വീകരിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിലും പോലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ്‌കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാര്‍ സിസ്റ്റര്‍ മരിയ ഇന്ദിര അറിയിച്ചു. ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരി മേഴ്സി കഴിഞ്ഞ നാലുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത്.