ബൈക്ക് ഇടിച്ചുതെറിപ്പിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കഴുത്തിൽ ഹെൽമറ്റ് കുരുങ്ങി യുവാവ് ഗുരുതരാവസ്ഥയിൽ

അങ്കമാലി: ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ദാരുണമരണം. ചെങ്ങമനാട് പുതുവാശ്ശേരി ഇലവുങ്കൽ പറമ്പിൽ വീട്ടിൽ പരേതനായ മണിയുടെ ഭാര്യ സതിയാണ് (52) മരിച്ചത്. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് സതിയെ ബൈക്കിടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ തെറിച്ച് വീണ് ഹെൽമറ്റിൽ കഴുത്തുകുരുങ്ങി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്ങമനാട് കോട്ടായിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.

read also-മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊല്ലം കുമ്പളം ‘മാനസം’ വീട്ടിൽ ലിതിനാണ് (25) സാരമായി പരിക്കേറ്റത്. കൂലിപ്പണിക്കാരിയായ സതി വീട്ടിൽ നിന്ന് പുതുവാശ്ശേരി റോഡിലൂടെ മറുവശത്തെ ട്രാക്കിലെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ആലുവ ഭാഗത്ത് നിന്ന് അതിവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരെ തെറിച്ചുവീണു. കറങ്ങിവീഴുന്നതിനിടെ തലകുത്തുകയും ലിതിന്റെ കഴുത്തിൽ ഹെൽമറ്റ് കുരുങ്ങുകയുമായിരുന്നു.

ഇരുവരെയും ദേശം സിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നിതിന്റെ തലയിൽ നിന്ന് ഹെൽമറ്റ് വേർപ്പെടുത്തി. പിന്നീട് നില ഗുരുതരമായതോടെ ഇരുവരെയും വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ സതി മരണപ്പെട്ടു.

അവശനിലയിലായ ലിതിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിതിൻ കൊല്ലത്ത് നിന്ന് ബൈക്കിൽ അങ്കമാലി ഭാഗത്ത് പരീക്ഷ എഴുതാനെത്തിയതാണ് ബന്ധുക്കൾ പറഞ്ഞു. മരിച്ച സതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മക്കൾ, സനേഷ്, സരിത. മരുമക്കൾ: അമൃത, നിജു.

Exit mobile version