തിരുവനന്തപുരം: വിലക്കയറ്റത്തെ പിടിച്ചുകെട്ടാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമഗ്രമായ ഇടപെടല്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന മൊബൈല്‍ മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മൊബൈല്‍ മാവേലി സ്റ്റോറുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിനു സമീപം ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആര്‍ അനില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടിയും സന്നിഹിതനായിരുന്നു. സംസ്ഥാനതല ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, തിരുവനന്തപുരം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോ വഴി സര്‍ക്കാരിന് കഴിഞ്ഞതായി തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വെള്ളമുണ്ടയില്‍ സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല ജില്ലാതല ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലടക്കം പച്ചക്കറി തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമാണ്. തക്കാളിയുടെ വിലയില്‍ പോലും പലയിടങ്ങളിലും പല രീതിയിലാണ്. കേരളത്തില്‍ സപ്ലൈകോയുടെ സമയോചിതമായ ഇടപെടല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തി. സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുന്നതോടെ വീട്ടുപടിക്കല്‍ ന്യായമായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാവുകയാണ്.
വീട്ടമ്മമാര്‍ക്കും റേഷന്‍കാര്‍ഡുമായി നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാം. ഇതോടെ ഗുണമേന്മയുള്ള സാധനങ്ങള്‍ വിപണിയിലെ വിലക്കയറ്റത്തെ അതിജീവിച്ച് വീടുകളിലെത്തും. കോവിഡുണ്ടാക്കിയ പ്രതിസന്ധി നാടെല്ലാം തരണം ചെയ്തുവരികയാണ്.
സര്‍ക്കാര്‍ വിവിധ മേഖലകളില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. എല്ലാവരുടെയും ഒറ്റക്കെട്ടായ സഹകരണമാണ് പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ വേണ്ടതെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്തഗം പി.കല്ല്യാണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, പി.ചന്ദ്രന്‍, പി.രാധ, കെ.സഫീല ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ.സജീവ്, കെ.പി.രാജന്‍, പി.ജെ.ആന്റണി, ഷബീറലി പുത്തൂര്‍, ഡിപ്പോ മാനേജര്‍ പി.കെ.സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സഞ്ചരിക്കുന്ന വില്‍പനശാലയുടെ ഫ്ലാഗ് ഓഫ് മഞ്ചേശ്വരം ബന്തിയോട് ടൗണില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ഹനീഫ് നിര്‍വ്വഹിച്ചു. കാസര്‍കോട് താലൂക്കില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീറും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക്തല പ്രയാണം കയ്യൂരില്‍ എം രാജഗോപാലന്‍ എംഎല്‍എയും വെള്ളരിക്കുണ്ട് താലൂക്ക് തല പ്രയാണം എണ്ണപ്പാറയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരനും ഫ്‌ളാഗ്ഓഫ് ചെയ്തു.
വയനാട്ടില്‍, സുല്‍ത്താന്‍ ബത്തേരിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശും, കല്‍പ്പറ്റയില്‍ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബും, കാവുംമന്ദത്ത് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷിബുവും സഞ്ചരിക്കുന്ന വില്‍പ്പനശാല ഉദ്ഘാടനം ചെയ്തു. മൂന്ന് താലൂക്കുകളിലുമായി അമ്പതോളം ഗ്രാമക്കവലകളില്‍ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എത്തും.
പൊതുജനങ്ങളുടെ സമീപത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞവിലയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എല്ലാ ജില്ലകളിലും അഞ്ച് വാഹനങ്ങളിലാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി അമ്പത് കേന്ദ്രങ്ങളില്‍ മാവേലി സ്റ്റോര്‍ എത്തും. ഒരു താലൂക്കിലെ പത്ത് കേന്ദ്രങ്ങളിലേക്കാണ് ഒരു മൊബൈല്‍ മാവേലി സ്റ്റോര്‍ എത്തുക. മലയോരം, തീരപ്രദേശം, ആദിവാസി ഊരുകള്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.
ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലാണ് മാവേലി സ്റ്റോര്‍ സഞ്ചരിക്കുക. ഡിസംബര്‍ 2,3 തീയതികളില്‍ കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, 4,5 തീയതികളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും എത്തും. 6,7 തീയതികളില്‍ ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ 8,9 തീയതികളിലാണ് വിതരണം.
സംസ്ഥാനത്തെ അഞ്ച് മേഖലകളിലുള്ള 52 ഡിപ്പോകളിലാണ് സാധനങ്ങള്‍ ഇതിനായി സംഭരിച്ചിരിക്കുന്നത്. മാവേലി ഔട്ട്ലെറ്റുകളിലെ സബ്സിഡി വിതരണത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സാധനങ്ങളുടെ വിതരണം നടക്കുക.
സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ഡിസംബര്‍ ഒന്നിന് കാസര്‍ഗോഡ് എത്തുന്ന സ്ഥലങ്ങള്‍:
കാസര്‍കോട് താലൂക്കില്‍: പൊയിനാച്ചി (രാവിലെ എട്ട് മണി), പെര്‍ലടുക്ക (9.30 ), മുന്നാട് (12.15 ), പടുപ്പ് (2.30), ബന്തടുക്ക (4.30 ) എന്നീ കേന്ദ്രങ്ങളില്‍ വണ്ടിയെത്തും.
മഞ്ചേശ്വരം താലൂക്കില്‍: മൊറത്തണെ (8.00), ദൈഗോളി (10.00), കുഞ്ചത്തൂര്‍ (12.15 ), ഹൊസംഗടി (3.30 ) എന്നീ കേന്ദ്രങ്ങളില്‍ വണ്ടിയെത്തും. പതിമൂന്നു സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളുമാണ് വണ്ടിയില്‍ ലഭ്യമാവുക.
ഹോസ്ദുര്‍ഗ് താലൂക്കില്‍: ചാമുണ്ഡിക്കുന്ന്(9.00), മാവുങ്കാല്‍(11), മടിക്കൈ അമ്പലത്തുകര(1.30), തൈക്കടപ്പുറം സ്റ്റോര്‍ ജംഷന്‍(3.00), കല്ലൂരാവി (4.30)എന്നിവിടങ്ങളില്‍ വണ്ടിയെത്തും.
വെള്ളരിക്കുണ്ട് താലൂക്കില്‍: കാലിച്ചാമരം(9.00), കുന്നുംകൈ(11.00), പെരുമ്പട്ട(1.30), കമ്പല്ലൂര്‍(3.00), തയ്യേനി(4.30) എന്നിവിടങ്ങളില്‍ വണ്ടിയെത്തും.