കൊയിലാണ്ടി: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ യുവതിയുടെ വീടിനു മുന്നില്‍ വന്‍പ്രതിഷേധം. പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ നിലാ ഹൗസില്‍ ബിന്ദു ഹരിഹരന്റെ വീടിനു മുന്നിലാണ് നാമജപ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധ നാമജപ മാര്‍ച്ച് നടത്തിയത്. വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.
വീട്ടിലേക്കുളള ഇടവഴിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ ഏറെ നേരം നാമജപം നടത്തി. ശക്തമായ പ്രതിഷേധം കാരണം യുവതികള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ചറിങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ച് പ്രതിഷേധക്കാര്‍ മടങ്ങുകയായിരുന്നു. ബിജെപി നേതാക്കളായ വി ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വെളള്യാതോട് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. 10 വര്‍ഷം മുമ്പ് വരെ താന്‍ സിപിഎംഎല്‍ പ്രവര്‍ത്തകനായിരുന്നുവെന്ന് ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഭാര്യ ബിന്ദുവിന് സംഘടനകളുമായി ബന്ധമൊന്നുമില്ല. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ് ബിന്ദു. ഞായറാഴ്ചയാണ് ബിന്ദു ശബരിമലയ്ക്ക് പോയത്. ബിന്ദുവിന്റെ ശബരിമല യാത്രയ്ക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു.
Discussion about this post