കണ്ണൂര്‍: ഭരണരംഗത്ത് ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെളിയിച്ചതാണ് കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ സ്വരൂപം. രണ്ട് പതിറ്റാണ്ടിന് ശേഷം അറക്കല്‍ രാജസ്വരൂപത്തില്‍ ഒരിക്കല്‍ കൂടി പെണ്‍താവഴി പുരുഷനിലേക്ക് വഴിമാറുകയാണ്.
സ്വരൂപത്തിന്റെ 40ാമത്തെ സുല്‍ത്താനയായ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീ കുഞ്ഞിബീവി തിങ്കളാഴ്ച രാവിലെ നിര്യാതയായതോടെയാണ് താവഴി പദവി പുരുഷനിലേക്ക് വഴിമാറുന്നത്. പുതിയ കിരീടാവകാശി ആദിരാജ ഹാമിദ് ഹുസൈന് കോയമ്മ (80) ആകും.
39ാമത്തെ സുല്‍ത്താന അറക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് ചെറിയ ബീകുഞ്ഞി ബീവി എന്ന മറിയം ഈ സ്ഥാനത്തേക്ക് എത്തിയത്.
23 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അറക്കല്‍ സ്വരൂപത്തില്‍ ഒരു പുരുഷനിലേക്ക് കിരീടം ചെന്നെത്തുന്നത്. 1980 മുതല്‍ 98 വരെ ദീര്‍ഘകാലം പദവി വഹിച്ചിരുന്നത് സുല്‍ത്താന്‍ ഹംസഅലി രാജയായിരുന്നു. പിന്നീടിങ്ങോട്ട് കഴിഞ്ഞ 23 വര്‍ഷമായി സ്ത്രീകളാണ് താവഴിയായി സ്ഥാനത്തെത്തിയത്. കണ്ണൂരിലെ ഖാളി സ്ഥാനവും, പള്ളികളുടെ നേതൃസ്ഥാനവും, അറക്കല്‍ കുടുംബ സ്വത്തുകളുടെയും പൈതൃക ശേഷിപ്പുകളുടെയും അധികാരവും സുല്‍ത്താനയ്ക്കാണ്.
മലബാറിലെ മരുമക്കത്തായ രീതിയനുസരിച്ച് പെണ്‍താവഴിയിലേക്ക് അധികാരം ഏല്‍പ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകളൂടെ കാര്യത്തില്‍ ഇസ്ലാമികമായ യാതൊരു എതിര് ഫത്വയും ഇല്ലാതെയാണ് അറക്കല്‍ സ്വരൂപം തങ്ങളുടേതായ പെണ്‍പെരുമ നിലനിര്‍ത്തി പോന്നിരുന്നത്. സ്ത്രീ പദവി വാദം ഉയര്‍ന്ന കാലഘട്ടത്തിന്റെയും മുമ്പെ തന്നെ അറക്കല്‍ സ്വരൂപം ഇക്കാര്യത്തില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകയാണ് സൃഷ്ടിച്ചത്.
അറക്കല്‍ രാജാക്കന്മാരില് മൂന്നിലൊരാള്‍ എന്ന നിലയില്‍ ബീവിമാരുടെ ഭരണം അരങ്ങേറിയിട്ടുണ്ട്. ഇസ്ലാമില്‍ അന്യമാണെങ്കിലും കേരളത്തിലെ മത പാരസ്പര്യത്തിന്റെ ഭാഗമായി മുസ്ലിം കുടുംബങ്ങളില്‍ പടര്‍ന്നു വന്നതായിരുന്നു മരുമക്കത്തായ രീതി. ചിറക്കല്‍ കോവിലകവുമായി പൈതൃക ബന്ധമുള്ള അറക്കല്‍ ദായക്രമത്തിലും സ്വാഭാവികമായും അത് നിലനിന്നു.
പെണ്‍താവഴിയനുസരിച്ച് പുരുഷനും സ്ത്രീയും പരസ്പരം സിംഹാസനങ്ങളിലെത്തി. ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്റെ മുക്കാല്‍ കാലംവരെയും (1777) ഭരിച്ച 19 രാജാക്കന്മാരും പുരുഷന്മാരായിരുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപം തട്ടിയെടുക്കാന്‍ വട്ടമിട്ട് പറന്ന കാലഘട്ടത്തില്‍ ഒരു വലിയ പങ്ക് ബീവിമാരുടെ ഭരണത്തിലായിരുന്നുവെന്നത് കൗതുകരമോ, രാഷ്ട്രീയമായി അറക്കലിന്റെ ഖ്യാതിയും ദൗര്‍ബല്യവും എല്ലാമായിരുന്നു.
ബീവിമാരുടെ സ്ത്രീസഹജമായ ദൗര്‍ബല്യത്തില്‍ ചവിട്ടിയാണ് സാമ്രാജ്യത്തം പല ചതിപ്പയറ്റുകളും അടവ് നയങ്ങളും ആവിഷ്കരിച്ചത്. പക്ഷെ, പലപ്പോഴും പുരുഷനെക്കാള്‍ ചങ്കൂറ്റത്തോടെയായിരുന്നു ബീവിമാര് കോളോണിയലിസത്തെ നേരിട്ടത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടുമായി ചെറുത്ത് നില്‍പ്പ് നടത്തി നീണ്ട നാല് പതിറ്റാണ്ടോളം അറക്കലിന്റെ ചെങ്കോലേന്തിയത് ജുനൂമ്മാബി എന്ന കിരീട നായികയാണ്.
ഹറാബിച്ചി കടവൂമ്പി (17281732), ജനൂമ്മാബി (17321745), ജുനൂമ്മാബി (17771819), മറിയംബി (18191838), ആയിഷാബി (18381862), ഇമ്പിച്ചി ബീവി (19071911), ആയിഷ ബീവി (19211931), മറിയുമ്മ ബീവി (19461957), ആമിന ബീവി തങ്ങള്‍ (19571980), ആയിഷമുത്തു ബീവി (19982006) സൈനബ ആയിഷബീവി (20062019) എന്നിവരാണ് അറക്കല്‍ കീരിടാവകാശികളായ സ്ത്രീ രത്നങ്ങള്‍. 39 കിരീടാവകാശികളില്‍ 13ഉം സ്ത്രീകളായിരുന്നു.
ഭരണാധികാരം ഇല്ലെങ്കിലും മലബാറിലെ മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഇന്നും ഏറെ പ്രാധാന്യമുള്ള കുടുംബമാണ് അറക്കല്‍ രാജ കുടുംബം. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളെയാണ് സുല്‍ത്താനയായി നിയമിക്കുന്നത്.
Discussion about this post