മലയിൻകീഴ്: ആരോഗ്യമുള്ള നാളുകളൊക്കെ മരുഭൂമിയിൽ കഷ്ടപ്പെട്ട് സ്വന്തമാക്കിയ സ്വപ്‌നഭവനം ഏത് നിമിഷവും നിലംപൊത്തുമെന്ന നിലയിൽ. അൻപതടിയിലേറെ ഉയരത്തിലാണ് നൂറ് മീറ്ററോളം നീളത്തിൽ ഞായറാഴ്ച രാത്രി ഇടിഞ്ഞത്. കോട്ടയം കരിപ്പൂര് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതോടെയാണ് രണ്ടു വീടുകൾ തകരാനായ നിലയിലായത്. ഇവിടെ നിന്നും വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
ഞായറാഴ്ച രാത്രി 11ന് ആണ് വീടിന് പിന്നിൽ വലിയ ശബ്ദം കേൾക്കുന്നത്. അപകടം മനസ്സിലാക്കിയ വർഗീസ് ചാക്കോയും ഭാര്യയും 3 മക്കളും ഭയന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
മണ്ണിടിഞ്ഞതോടെ ഇതിനു മുകളിലെ വീടുകളാണ് അപകടാവസ്ഥയിലായത്. പ്രവാസിയും കോട്ടയം സ്വദേശിയുമായ കരിപ്പൂര് കോടങ്കണ്ടത്തു വർഗീസ് ചാക്കോയുടെയും കരിപ്പൂര് ഉദയഗിരിയിൽ സി ഗോപിനാഥൻ നായരുടെയും വീടുകളാണ് തകരാനായത്.
ജീവിതത്തിന്റെ പകുതി ഭാഗവും വിദേശത്ത് അധ്വാനിച്ച പണം കൊണ്ടാണ് വർഗീസ് ചാക്കോ കരിപ്പൂര് ഭാഗത്ത് വീട് സ്വന്തമാക്കിയത്. ഒന്നര വർഷം മുൻപ് 3 സെന്റും ഇരുനില വീടും 40 ലക്ഷത്തിന് വാങ്ങുകയായിരുന്നു. എന്നാൽ ഒറ്റ രാത്രി കൊണ്ട് ഇവരുടെ എല്ലാ സന്തോഷവും തകരുകയായിരുന്നു. വർഗീസ് ചാക്കോയുടെ വീടിന്റെ പിറകുവശത്തെ കോൺക്രീറ്റ് സംരക്ഷണഭിത്തിയും മതിലും ശുചിമുറിയും നിലംപൊത്തി. അടിത്തറയുടെ ഒരുഭാഗം ഇപ്പോൾ അന്തരീക്ഷത്തിലാണ്. ഗോപിനാഥൻ നായരുടെ വീടിനോടു ചേർന്നും മണ്ണിടിഞ്ഞു. ഇരു വീട്ടുകാരും തൊട്ടു താഴെയുള്ള വീട്ടിലെ ആളുകളും അധികൃതരുടെ നിർദേശപ്രകാരം മറ്റൊരിടത്തേക്ക് താൽക്കാലികമായി താമസം മാറി.
നിർമാണത്തിലിരിക്കുന്ന ഒരു വീടിന്റെ സംരക്ഷണഭിത്തിയും തകർന്നു. മറ്റ് ആറു വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ് സ്ഥിതി ചെയ്യുന്നതും.
സംഭവത്തിന് പിന്നാലെ റവന്യു വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ, ഫയർഫോഴ്‌സ്, പോലീസ് സ്ഥലത്തെത്തി. നിരീക്ഷണം നടത്തി. ദുരന്തത്തെ സംബന്ധിച്ച് റവന്യു ഉദ്യോഗസ്ഥരോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.