കോട്ടയം: ഹലാൽ ഭക്ഷണം നല്ലതാണെന്ന് പറയുന്ന മുഖ്യമന്ത്രി കഴിക്കുന്നത് അങ്ങനെയുള്ള ഭക്ഷണമാണോയെന്ന ചോദ്യവുമായി ബിജെപി. ഹലാൽ ഭക്ഷണം നല്ലതാണെന്ന് ഉറപ്പിക്കുന്ന മുഖ്യമന്ത്രി മറ്റ് ഭക്ഷണങ്ങൾ മോശമാണെന്നാണോ ഉദ്ദേശിക്കുന്നത്. ഹലാൽ ഭക്ഷണത്തിന് ബിജെപി എതിരാണെന്നും പാർട്ടി ദേശീയ ജനറൽസെക്രട്ടറി ഡി പുരന്തേശ്വരി പറഞ്ഞു. കോട്ടയത്ത് ബിജെപി കോർ കമ്മിറ്റി യോഗത്തിനെത്തിയതായിരുന്നു ഡി പുരന്തേശ്വരി.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ കൺമുമ്പിലിട്ട് കൊലപ്പെടുത്തിയ കേസിന്റെ എഫ്ഐആറിൽ പോപ്പുലർ ഫ്രണ്ടിന്റെ പേരുപോലും പരാമർശിച്ചിട്ടില്ല. രാഷ്ട്രീയകൊലപാതകങ്ങൾക്ക് പിന്നിൽ എസ്ഡിപിഐയും, പിഎഫ്ഐയും ആണ്. കേസന്വേഷണം തൃപ്തികരമല്ലെന്നും അവർ പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം എൻഐഎയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടും ഹലാൽ വിഷയത്തിൽ ഭീകരവാദികളുടെ അജണ്ട സിപിഎം ഏറ്റെടുക്കുന്നെന്ന് ആരോപിച്ചും ഡിസംബർ 13-ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ബിജെപി സംസ്ഥാന നേതാക്കൾ സത്യാഗ്രഹം നടത്തും.
അതേസമയം, ഹലാൽ വിഷയത്തിൽ കാര്യം മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഹലാൽ എന്നത് ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിൽ കേന്ദ്രഫണ്ട് ചെലവഴിച്ചതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അട്ടപ്പാടിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നതിനും കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചതിനും തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന്റേയും, സംസ്ഥാന ജനറൽസെക്രട്ടറി സി. കൃഷ്ണകുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി ഊരുകൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കും. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ നികുതി കുറച്ചിട്ടും സംസ്ഥാനസർക്കാർ അതിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ 280 മണ്ഡലങ്ങളിലും ഡിസംബർ ഏഴിന് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും ബിജെപി യോഗം തീരുമാനിച്ചു.
Discussion about this post