മൂവാറ്റുപുഴ: വയോധികയായ മാതാവിനെ സംരക്ഷിക്കാതെ വീട്ടിൽ നിന്നും മകൾ ഇറക്കി വിട്ട സംഭവത്തിൽ ആശ്വാസകരമായ നടപടിയെടുത്ത് മെയ്ന്റനൻസ് ട്രൈബ്യൂണൽ. മകളുടെ പക്കൽ നിന്നും അമ്മയ്ക്ക് വീട് തിരികെ വാങ്ങിനൽകി സംരക്ഷണം ഉറപ്പാക്കുന്നതാണ് മെയ്ന്റനൻസ് ട്രൈബ്യൂണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രൈബ്യൂണലിനു ലഭിച്ച പരാതിയിലാണ് നടപടി.
ഇതുപ്രകാരം പട്ടിമറ്റം സ്വദേശിനിക്കാണ് നീതി ലഭിച്ചത്. സ്വന്തം വീട്ടിൽ തന്നെ സുരക്ഷിത താമസം ഉറപ്പാക്കുന്നതാണ് ഉത്തരവ്. സ്വന്തമായി വീടുള്ള മകൾ അമ്മയുടെ കൂടെയായിരുന്നു താമസം. വയോധികയെ സ്ഥിരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നാണു പരാതി. വിശദമായ വാദം കേട്ട ട്രിബ്യൂണൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മുൻപ് തന്നെ അമ്മയുടെ വീട്ടിൽ നിന്നു മകളോട് മാറിത്താമസിക്കാൻ നിർദേശിച്ചു. തുടർന്ന് കുന്നത്തുനാട് പോലീസ് എത്തി 89കാരിക്ക് സ്വന്തം വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കി.
സ്വന്തം പേരിൽ വീടും വസ്തുവും ഉള്ള 89 വയസ്സുള്ള ഇവരെ വിദേശത്തു ജോലിയുള്ള മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയും ട്രിബ്യൂണൽ പരിഗണിച്ചു. ഇവരുടെ സ്വത്തുക്കൾ പരാതിക്കാരിക്കു അക്കൗണ്ടുള്ള ബാങ്കിനെ ഏൽപിച്ച് റിവേഴ്സ് മോർട്ഗേജ് വഴി ജീവിത ചെലവിനുള്ള തുക ലഭ്യമാക്കണം എന്നായിരുന്നു വിധി.
മൂവാറ്റുപുഴ ആർഡിഒ പിഎൻ അനി, സെക്ഷൻ ക്ലാർക്ക് കെആർ ബിബിഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എസ്അനു എന്നിവർ അദാലത്തിൽപങ്കെടുത്തു.
Discussion about this post