കാക്കിയുടെ ഈഗോ: പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരുന്ന പ്രശ്നമായിരുന്നു: പിങ്ക് പോലീസിന്റെ പരസ്യ വിചാരണയില്‍ ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയേയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പിങ്ക് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

‘കരയുന്ന പെണ്‍കുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇത്. പോലീസ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി വിമര്‍ശിച്ചു.

പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. വീഡിയോ ദ്യശ്യങ്ങളില്‍ കുട്ടിയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മോഷണക്കുറ്റം ആരോപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ‘പോലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ’ എന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ മൂലം ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പോലീസിനോട് എന്തെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, അഭിഭാഷകനോട് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ചോദിച്ചു.
Read Also:ബസില്‍ യാത്രക്കാര്‍ക്കൊപ്പം അപ്രതീക്ഷിത ‘അതിഥി’: 250 കിലോമീറ്റര്‍ ദൂരം സീറ്റിനടിയില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്
സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ ആരാഞ്ഞിരുന്നു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെക്കുറിച്ച് ചോദിച്ചതെന്നും ഈ പോലീസുദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

ആറ്റിങ്ങലില്‍ ഐഎസ്ആര്‍ഒയുടെ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പോലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു.

സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. നേരത്തെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു.

Exit mobile version