വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്ന നിമിഷം മുതല്‍ ദമ്പതികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യം. ആ ചോദ്യം പലരെയും സങ്കട കടലിലാഴ്ത്തുമ്പോള്‍ നിസാരമായി ചിരിച്ചു കളയുകയാണ് അധ്യാപക ദമ്പതികളായ ബെന്നിയും മോളിയും. വിവാഹം കഴിഞ്ഞ് 19 വര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ മനംനൊന്ത് ജീവിക്കുകയല്ല, മറിച്ച് ജീവിതം പുഞ്ചിരിയോടെ ആസ്വദിക്കുകയാണ് ഇവര്‍. കോട്ടയം പള്ളിക്കത്തോട് സ്വദേശികളാണ്.
‘എനിക്ക് 54-ഉം അവള്‍ക്ക് 45-മാണ് പ്രായം. ഞങ്ങള്‍ക്ക് കുട്ടികളില്ല. പക്ഷേ അതിന്റെ പേരില്‍ പരസ്പരം കലഹിക്കാനോ വിഷമിക്കാനോ ഞങ്ങളില്ല. പകരം ഞങ്ങള്‍ പരസ്പരം താങ്ങും തണലുമായി ജീവിക്കുകയാണ്.’ ബെന്നി പറയുന്നു. ഈ വാക്കുകള്‍ മക്കളില്ലെന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കുന്ന ദമ്പതികള്‍ക്ക് വലിയ ആശ്വാസം പകരുന്നതുമാണ്.
ബെന്നിയും ഭാര്യ മോളിയും പ്രതിസന്ധികളെ തരണം ചെയ്ത് കാശ്മീര്‍ ട്രിപ്പിനുള്ള തയ്യാറെടുപ്പിലാണ്. വെറുമൊരു ട്രിപ്പ് അല്ല, പകരം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കാല്‍നടയായി സഞ്ചരിച്ച് ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്നിനാണ് ബെന്നിയും ഭാര്യ മോളിയും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള കാല്‍നട യാത്ര ആരംഭിക്കുന്നത്. ഇപ്പോള്‍ പ്ലാനിങ്ങില്‍ ഏകേദശം 8000 കിലോ മീറ്ററാണ് ഉള്ളത്. നടത്തം ആയതുകൊണ്ട് തന്നെ ഇനിയും കൂടാനാണ് സാധ്യത. എട്ട് മാസത്തോളമെടുത്തായിരിക്കും യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുകയെന്നാണ് ഇവരുടെ പ്രതീക്ഷ.
ആന്ധ്രാപ്രദേശില്‍ അധ്യാപകരായി ജോലി നോക്കുകയായിരുന്നു ബെന്നിയും മോളിയും. കോവിഡ് വന്നതോടെ ഇരുവരുടെയും ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തിയ ശേഷം എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദധാരിയായ ബെന്നി അടുത്തുള്ള ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ തന്റെ കണ്‍മുന്നില്‍ പൊലിഞ്ഞ ജീവനുകളില്‍ നിന്നുമാണ് ഇങ്ങനെയൊരു യാത്രയിലേക്ക് എത്തിച്ചതെന്നാണ് ബെന്നി പറയുന്നു.
‘ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി മാത്രമല്ല, ചെറുതായി അറ്റന്‍ഡര്‍ ജോലിയുമൊക്കെ ചെയ്യേണ്ടിയിരുന്നു. അതിനിടക്ക് മരണങ്ങള്‍ കാണ്ടേണ്ടി വന്നു. എന്നെക്കാള്‍ പ്രായം കുറഞ്ഞ മൂന്നോ നാലോ പേര് ഹൃദയാഘാതം വന്ന് മരിച്ച കാഴ്ചയാണ് കണ്ടത്. തനിയേ ബൈക്കും കാറുമൊക്കെ ഓടിച്ചു വന്നവരായിരുന്നു അവര്‍. സ്ട്രക്ചറില്‍ കിടക്കാന്‍ തയാറാകാതെ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞവരുടെയൊക്കെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇതേ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനോട് സംസാരിച്ചപ്പോഴാണ് ഹൃദയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞതെന്ന് ബെന്നി പറയുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമം സൈക്ലിങ് ആണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ടു തവണ രാജ്യം മുഴുവന്‍ ബെന്നി കറങ്ങി എത്തി. ആദ്യയാത്ര 58 ദിവസമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും രണ്ടാമത്തേത് 68 ദിവസങ്ങളിലായി മ്യാന്‍മര്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വരേയും ആയിരുന്നു യാത്ര. സൈക്കിള്‍ യാത്രയ്ക്കെല്ലാം പിന്തുണ നല്‍കിയത് ഭാര്യ മോളിയായിരുന്നു. യാത്രക്കായി പണമൊന്നും കരുതിയിട്ടില്ലെന്നും ലോ ബജറ്റിലാണ് യാത്രയെന്നും ബെന്നി പറഞ്ഞു. പലപ്പോഴും ടെന്റിലായിരിക്കും രാത്രിയിലെ താമസം. അതിനായി അമ്പലത്തിലും മറ്റുമായി തങ്ങാനാണ് പദ്ധതി. ലോഡ്ജ് പോലുള്ള സൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കാണ് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ജോലിയൊന്നും ഇല്ലാതെയിരിക്കുമ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണമൊക്കെ വിറ്റും പണയം വെച്ചുമാണ് പണം കണ്ടെത്തുന്നതെന്ന് ബെന്നി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണം കൈയില്‍ ഉള്ളതിനെക്കാള്‍ സന്തോഷമാണ് യാത്ര ചെയ്യുമ്പോള്‍ കിട്ടുന്നതെന്നും അദ്ദേഹം പറയുന്നു.
കുട്ടികളെ കുറിച്ചുള്ള ബെന്നിയുടെ നിലപാട്;
ഞങ്ങള്‍ക്ക് കുട്ടികളില്ല. വിവാഹം കഴിഞ്ഞിട്ട് പത്തൊമ്പത് വര്‍ഷമായി. കുട്ടികളില്ലാത്തതിനാല്‍ വിഷമിച്ച് കഴിയുന്ന ഒരുപാട് പേരെ ഞങ്ങള്‍ക്കറിയാം. ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കുക എന്നതാണ്. നിരാശപ്പെട്ട് ജീവിതം തള്ളി നീക്കുന്ന നിരവധി പേരുണ്ട്. അത് നമ്മുടെ ജീവിതത്തിനുണ്ടായ ഒരു ന്യൂനതയാണ്. അതിനെ ഇത്തരത്തില്‍ യാത്രകളിലൂടെ മറി കടക്കുകയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഞങ്ങളുടെ ഇത്തരം പ്രവര്‍ത്തികളിലൂടെ മക്കളില്ലാതെ കഴിയുന്നവര്‍ക്ക് ഒരു പ്രോത്സാഹനം ആകണമെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ കുട്ടികളില്ലാത്തവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. അതൊക്കെ കണ്ടെത്തുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. നടത്തം പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന ദമ്പതികള്‍ക്ക് പ്രചോദനം ആകണമെന്നാണ് ആഗ്രഹിക്കുന്നത്.