കോഴിക്കോട്: മൂന്ന് മക്കളുടേയും തന്റേയും ഉപജീവനത്തിനായി മീൻ കച്ചവടത്തിന് ഇറങ്ങിയ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. കോഴിക്കോട് അശോകപുരത്ത് റോഡരികിൽ മീൻകച്ചവടം നടത്തി ഉപജീവനം കണ്ടെത്തുന്ന യുവതിയെയാണ് ഭർത്താവ് പട്ടാപ്പകൽ ക്രൂരമായി മർദ്ദിച്ചത്.
കക്കോടി കൂളിച്ചാളയ്ക്കൽ കൂടത്തുംപൊയിൽ ശ്യാമിലി (29) യെയാണ് ഭർത്താവ് കാട്ടുവയൽ കോളനിയിലെ നിധീഷ് (36) ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തെ തുടർന്ന് നടക്കാവ് പോലീസ് കേസെടുത്തു. അതേസമയം, കഴിഞ്ഞമാസം ഇയാൾക്കെതിരെ നടക്കാവ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ശ്യാമിലി ആരോപിച്ചു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ശ്യാമിലിക്ക് മർദ്ദനമേറ്റത്. ഇവർ ബന്ധുക്കളായ ലിനിത, ജയസുധ എന്നിവർക്കൊപ്പം മീൻ വിൽക്കുന്ന സ്റ്റാളിലെത്തിയ നിധീഷ് മീൻവിൽപ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാൾ മറിച്ചിട്ടു. രണ്ടുമാസം മുമ്പാണ് ഇവർ അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭർത്താവിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ സ്വന്തംവീട്ടിലാണ് ശ്യാമിലി മൂന്ന് മക്കളോടൊപ്പം താമസിക്കുന്നത്.