കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം തുടരും; ഡിസംബർ 10 മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരമിരിക്കുമെന്ന് അനുപമ

തിരുവനന്തപുരം: സമ്മതമില്ലാതെ ദത്ത് നൽകിയ കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. മനുഷ്യാവകാശദിനമായ ഡിസംബർ 10 മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അനുപമ അറിയിച്ചിരിക്കുന്നത്.

കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരും. കുഞ്ഞിനെ എടുത്തു മാറ്റിയതിൽ തന്റെ അച്ഛനെതിരെ നിസാരമായ വകുപ്പുകളാണ് ചുമത്തിയതെന്നും വിഷയത്തിൽ പാർട്ടിക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും അനുപമ പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായും അനുപമ ആരോപിച്ചു.

അനുപമ ഐഎഎസ് നൽകിയ അന്വേഷണ റിപ്പോർട്ട് സിഡബ്ല്യൂസിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാവാനാണ് സാധ്യതയെന്നും അനുപമ എസ് ചന്ദ്രൻ ആരോപിച്ചു.

റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഒളിപ്പിച്ച് വെക്കേണ്ടതല്ല. ആരൊക്കെ മൊഴി നൽകി, എന്താണ് മൊഴി എന്നതൊക്കെ പുറത്തുവരണം. അങ്ങനെ വന്നാൽ മാത്രമേ തനിക്കും പങ്കാളിക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണം അവസാനിക്കുവെന്നും അനുപമ വ്യക്തമാക്കി.

Exit mobile version