കാസര്‍കോട്: കാസര്‍കോട് ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് റാഗിങ് മുടിവെട്ട് നടന്നതെന്നാണ് വിവരം. സ്‌കൂളിന് എതിര്‍വശത്തുള്ള കഫറ്റീരിയയില്‍ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാര്‍ത്ഥി പറയുന്നത്. മുടി മുറിച്ച കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സൂചന.
അതേസമയം, പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കില്‍ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്.
ഇതിന് മുമ്പും ഇതുപോലെ റാഗിംഗ് നടന്നിട്ടുണ്ടെന്നും, എന്നാല്‍ പരാതി നല്‍കിയാല്‍ സ്‌കൂള്‍ ഗൗരവത്തോടെയല്ല പരിഗണിക്കുന്നതെന്നും പല രക്ഷിതാക്കളും വിമര്‍ശനം ഉന്നയിക്കുന്നു.
സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്നും വിദ്യാര്‍ത്ഥികളെ ഡാന്‍സ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്തതായി വിവരമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.