തൊടുപുഴ: ഹോംസ്‌റ്റേയില്‍ കഞ്ചാവുചെടി വളര്‍ത്തിയ കേസില്‍ വനിതയടക്കം രണ്ട് വിദേശികള്‍ പിടിയില്‍. ഇരുവര്‍ക്കും നാലു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഇവരുടെ പക്കല്‍ നിന്ന് ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. കുമളിയിലെ ക്രിസീസ് എന്ന ഹോംസ്റ്റേ നടത്തുന്ന ഈജിപ്ഷ്യന്‍ പൗരന്‍ മുഹമ്മദ് ആദില്‍ മുഹമ്മദ് (53), കൂടെ താമസിച്ചിരുന്ന ജര്‍മന്‍കാരിയായ ഉള്‍റിക് റിക്ടര്‍ (39) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് തൊടുപുഴ എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. 2016 ഡിസംബര്‍ 30നാണ് ഇവര്‍ പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയത പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ റൂമിന്റെ സമീപത്ത് നിന്ന് ചെടിച്ചട്ടിയില്‍ പരിപാലിക്കുന്ന നിലയില്‍ അഞ്ച് കഞ്ചാവുചെടികള്‍ കണ്ടെത്തി. കൂടാതെ 90 ഗ്രാം വീതം ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും മുറിയിലുണ്ടായിരുന്നു.
പ്രതികളുടെ മുറിയുടെ സമീപത്ത് വളരെ രഹസ്യമായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതെന്നും വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.