വൈപ്പിൻ: ഞാറക്കലിൽ വീട്ടിൽ കൈഞരമ്പ് മുറിച്ച് മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളുടെ വീട്ടിൽ ഫോറൻസിക് വിദഗ്ധരും പോലീസും വിശദപരിശോധന നടത്തി. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാംവാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ജോസ് (51), സഹോദരി ജെസി (49) എന്നിവരെയാണ് ബുധനാഴ്ച രാത്രി കഴുത്തൽ കുരുക്കിട്ടും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നനിലയിലും കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാനാണ് അന്വേഷണ സംഘമെത്തിയത്. മരണപ്പെട്ട സഹോദരങ്ങളുടെ മൃതദേഹം ഞാറക്കൽ സെന്റ് മേരീസ് പള്ളി ശ്മശാനത്തിൽ സംസ്‌കരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംസ്‌കരിച്ചത്. ജോസ് വെളിയത്താംപറമ്പിൽ ഇരുമ്പുകട വ്യാപാരിയും ജെസി ഞാറക്കൽ സെന്റ് മേരീസ് സ്‌കൂൾ അധ്യാപികയുമാണ്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇവരുടെ മാതാവ് റീത്തയുടെ (80) നില തൃപ്തികരമാണ്.
വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ പഞ്ചായത്ത് ജനപ്രതിധികളുടെ സാന്നിധ്യത്തിലാണ് പോലീസ് പരിശോധിച്ചത്. പണമായി 30 ലക്ഷം രൂപയും 26 പവൻ സ്വർണവും കണ്ടെത്തി. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ മാതാവ് ഞാറക്കൽ സെന്റ്‌മേരീസ് യുപി സ്‌കൂൾ റിട്ട. അധ്യാപികയാണ്. വർഷങ്ങളായി ഞാറക്കലിൽ താമസിക്കുന്ന ഇവരുടേത് സാമ്പത്തികഭദ്രതയുള്ള കുടുംബമാണ്.
മൂന്നുപേരും മാനസികബുദ്ധിമുട്ടുകൾക്ക് ചികിത്സയിലായിരുന്നു. അയൽവാസികളുമായും ബന്ധുക്കളുമായും കുടുംബം അകലം പാലിച്ചിരുന്നു. തലേദിവസം വന്ന ജല അതോറിറ്റി ബില്ല് വരാന്തയിൽതന്നെ കിടക്കുന്നത് കണ്ട അയൽവാസിയായ വാർഡ് അംഗമാണ് സംശയംതോന്നി പോലീസിനെ വിവരമറിയിച്ചത്.
എസ്‌ഐ എകെ സുധീറും സംഘവും വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതാണ് കണ്ടത്. ജോസിന്റെയും ജെസിയുടെയും കഴുത്തുകളിൽ ചരടുകൊണ്ട് കുരുക്കിട്ട നിലയിലുമയിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ മറ്റൊരു മുറിയിൽ അവശനിലയിലായിരുന്നു റീത്ത.
Discussion about this post