കൊച്ചി: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്ത് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍. ഒക്ടോബര്‍ 31ന് സമയം ലംഘിച്ച് ഹോട്ടലില്‍ മദ്യം നല്‍കിയെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.
മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സമയം ലംഘിച്ച് മദ്യം നല്‍കിയതിന് 23ാം തീയതിയും ഹോട്ടലിനെതിരെ കേസെടുത്തിരുന്നു. ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചുവെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടോ എന്നതും എക്‌സൈസ് പരിശോധിക്കുന്നുണ്ട്.
മോഡലുകളുടെ മരണത്തില്‍ നിര്‍ണായ തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുളള ശ്രമം ഇതുവരെ വിജയം കണ്ടില്ല. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായത്തോടെ നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു. ഹാര്‍ഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ തുടരന്വേഷണ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.
അതേസമയം, മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. സൈജുവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അപകടത്തിന് മുന്‍പ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. സൈജു നേരത്തെ നല്‍കിയ മൊഴിയും കേസിലെ പ്രതി അബ്ദുറഹ്‌മാന്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വീണ്ടും പരിശോധിക്കും.
Discussion about this post