‘ഗുണ്ടകളെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോയി, ചവിട്ടിയാണ് അകത്ത് കയറ്റിയത്’: പോലീസിനെതിരെ മോഫിയയുടെ സുഹൃത്തുക്കള്‍

കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

അല്‍ അസര്‍ കോളേജില്‍ മോഫിയയുടെ സഹപാഠികളായ 17നിയമ വിദ്യാര്‍ത്ഥികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ ആണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. മോഫിയയുടെ മരണത്തില്‍ ആരോപണം നേരിടുന്ന മുന്‍ ആലുവ സിഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

തങ്ങളെ പ്രകോപനവും കൂടാതെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് അല്‍ അസര്‍ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്പിയെ കണ്ട് പരാതി നല്‍കാന്‍ അനുവദിച്ചില്ലെന്നും പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് പെണ്‍കുട്ടികളോട് അടക്കം മോശമായാണ് പെരുമാറിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഒരു സഹപാഠി നീതി നിഷേധിക്കപ്പെട്ട് ജീവനൊടുക്കിയപ്പോള്‍, അവളെ കൊലയ്ക്ക് കൊടുത്തപ്പോഴാണ് പ്രതിഷേധിച്ചത്. ഒരു പാര്‍ട്ടിയുടെയും കൊടിയുടെയും ബലമില്ലാതെ വിദ്യാര്‍ത്ഥികളെന്ന നിലയിലായിരുന്നു പ്രതിഷേധം. നിയമത്തില്‍ വിശ്വസിക്കുന്നവരായതിനാലാണ് എസ്പി ഓഫീസില്‍ പരാതിയുമായി സമീപിച്ചത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ അറസ്റ്റുചെയ്ത് നീക്കുകയാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഗുണ്ടകളെപ്പോലെയാണ് പെണ്‍കുട്ടികളെ അടക്കം വലിച്ചിഴച്ചുകൊണ്ടുപോയത്. നാല് പെണ്‍കുട്ടികളെ പരാതി നല്‍കാന്‍ കയറ്റിവിടണമെന്നാവശ്യപ്പെട്ടതിനാണ് അറസ്റ്റടക്കം ഉണ്ടായത്. പരാതി നല്‍കാന്‍ അനുമതി ലഭിച്ച് സ്റ്റേഷനകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോഴും കാലുകൊണ്ട് ചവിട്ടിയാണ് അകത്തേക്ക് കയറ്റിയത്. പോലീസ് അസഭ്യ വര്‍ഷം നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷന് മുന്നിലെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. എസ്പിക്ക് നേരിട്ട് പരാതി കൈമാറുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് എസ്പി ഉറപ്പു നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസില്‍ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് 17 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റുചെയ്തത്. എസ്പിക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികളടങ്ങിയ സംഘം പരാതി നല്‍കാന്‍ അവസരം ലഭിക്കാതെ വന്നതോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. എആര്‍ ക്യാമ്പിലെത്തിച്ച ഇവരെ വിട്ടയച്ചു.

Exit mobile version