മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ പരീക്ഷാഭവന് ജീവനക്കാരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു.
‘സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരീക്ഷാഭവനില്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് ചോദ്യം ചെയ്തു.
നിങ്ങളാരാണെന്ന് തിരിച്ചുചോദിച്ചപ്പോള്‍ അയാള്‍ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഓഫീസിനകത്തുള്ളവരും മര്‍ദിക്കാനെത്തി. പുറത്തേക്ക് പോകുന്നത് തടയാന്‍ കെട്ടിടത്തിന് പുറത്തേക്കുള്ള ഷട്ടര്‍ അടച്ചു’. പതിനഞ്ചോളം പേര് ചേര്‍ന്നാണ് മര്‍ദിച്ചതെന്നും മര്‍ദനത്തിനിരയായ വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.
അമല്‍ദേവ്, ബിന്‍ദേവ്, ശ്രീലേഷ് എന്നിവരാണ് പരീക്ഷാഭവന് ജീവനക്കാര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥി നേതാക്കള്‍ പ്രശ്നമുണ്ടാക്കി എന്നാണ് ജീവനക്കാരുടെ പ്രതികരണം.
കയ്യാങ്കളിയില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.
Discussion about this post