തിരുവനന്തപുരം: തന്റെ കുഞ്ഞിനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാര്‍ക്ക് നന്ദിയറിയിച്ച് അനുപമ. അവര്‍ക്ക് നീതി കിട്ടണമെന്നും എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ പറഞ്ഞു.
ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളൂ. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.
‘കുഞ്ഞിനെ കയ്യിലേക്ക് ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമായിരുന്നു. ആന്ധ്രയിലെ ദമ്പതികള്‍ക്കും നീതി ലഭിക്കണം. എന്റെ കുഞ്ഞിനെ നോക്കിയവരല്ലേ, അവരെപ്പോള്‍ വന്നാലും അവര്‍ക്ക് കുഞ്ഞിനെ കാണാം. അങ്ങോട്ട് പോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു. പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുകയും മാനസിക പിന്തുണ നല്‍കുകയും ചെയ്തവര്‍ക്കും നന്ദിയെന്നും അനുപമ പറഞ്ഞു.
നിയമപോരാട്ടത്തിനൊടുവില്‍ മകനെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നില്‍ നിന്നും അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനും,സി ഡബ്ലൂ സി ചെയര്‍പേഴ്‌സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്ന് അനുപമ ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാവിയുടെ കാര്യത്തില്‍ എല്ലാവരുമായി ചേര്‍ന്നാലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു. കൈക്കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ സമര രീതി മാറ്റുമെന്നും അനുപമ വ്യക്തമാക്കി.