മലപ്പുറം: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പ്രതികരിച്ച് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. മന്ത്രിച്ചൂതി നല്‍കപ്പെടുന്ന ഭക്ഷണമാണ് ‘ഹലാല്‍’ ഭക്ഷണം എന്നത് അടിസ്ഥാനരഹിതമാണെന്നും കെടി ജലീല്‍ പറഞ്ഞു. കേരളത്തിലെ ഹലാല്‍ ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന് സംഘപരിവാര്‍ പ്രചരണത്തില്‍ കടുത്ത വിമര്‍ശനമുയരുന്നതിനിടെയാണ് ജലീലിന്റെ പ്രതികരണം.
സത്യവും അര്‍ധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിന്‍മേല്‍ കേട്ടതും ഊഹാപോഹങ്ങളും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റില്‍ വിളമ്പുന്നത് തീര്‍ത്തും ദുരുദ്ദേശത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് കാലം ഒരു ശരാശരി ഭാരതീയനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
വില്‍ക്കപ്പെടുന്ന മാംസം തലക്കടിച്ചോ ശ്വാസം മുട്ടിച്ചോ കഴുത്ത് പിരിച്ചോ കൊന്ന മൃഗങ്ങളുടേതോ പക്ഷികളുടേതോ അല്ലെന്നും ശ്വാസ നാളവും അന്നനാളവും അറുത്ത് രക്തം വാര്‍ന്ന ഇറച്ചിയാണെന്നും അറിയിക്കാന്‍ വേണ്ടിയാവണം ”ഹലാല്‍” അഥവാ അനുവദിനീയം എന്ന ബോര്‍ഡ് ചിലര്‍ സ്ഥാപിച്ചു തുടങ്ങിയത്.
തലക്കടിച്ചും ശ്വാസം മുട്ടിച്ചും കഴുത്ത് പിരിച്ചും കൊന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഇത്തരം ബോര്‍ഡുകള്‍ ഉപകരിക്കും. ഒരു ബോര്‍ഡും വെക്കാതെത്തന്നെ എല്ലാ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളും ‘ഹലാല്‍’ ഭക്ഷണം വില്‍ക്കുന്ന കേന്ദ്രമാണ്. പ്രസവ വാര്‍ഡിന്റെ മുമ്പില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് ആരും എഴുതി വെക്കാറില്ലല്ലോ? എന്നും ജലീല്‍ പറയുന്നു.
മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നല്‍കുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാര്‍ക്കിടയില്‍ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി നല്‍കപ്പെടുന്ന ഭക്ഷണമാണ് ‘ഹലാല്‍’ ഭക്ഷണം എന്ന രൂപേണ നടത്തപ്പെടുന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.