തിരുവനന്തപുരം: ഒരു വയസ്സ് ആകും മുമ്പേ നിയമനടപടികളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ് അനുപമയുടെ കുഞ്ഞ്. അവന്‍ ഇനി ‘എയ്ഡന്‍ അനു അജിത്ത്’. ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞിനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് അനുപമ.
വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി ജീവിച്ച് കാണിക്കുമെന്ന് അനുപമ പറയുന്നു. ‘മകന് എയ്ഡന്‍ അനു അജിത്ത് എന്ന് പേരിടുമെന്നും അനുപമ പറഞ്ഞു. ജനിയ്ക്കുന്നതിന് മുമ്പ് തന്നെ കണ്ടുവച്ചിരുന്ന പേരാണെന്നും അനുപമ പറയുന്നു.
എയ്ഡന്‍ എന്ന വാക്കിന് അര്‍ത്ഥം ‘ചെറു ജ്വാല’ എന്നാണ്. ഐറിഷ് ഐതിഹ്യത്തില്‍ നിന്നാണ് എയ്ഡന്‍ എന്ന പേര് ഉത്ഭവിച്ചത്. ആദ്യമായിട്ട് കുഞ്ഞിനെ കൈയ്യില്‍ കിട്ടുന്ന നിമിഷമാണ്, കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും, പാല്‍ക്കുപ്പിയും തുടങ്ങി എല്ലാം വാങ്ങിക്കണമെന്നും അനുപമ പറയുന്നു
തങ്ങള്‍ക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട.
സൈബര്‍ ഇടങ്ങളില്‍ തനിക്കും പങ്കാളിയ്ക്കും എതിരെ പ്രചാരണങ്ങള്‍ നടത്തിയവര്‍ വിഡ്ഢികളാണെന്നും അനുപമ പരിഹസിച്ചു. നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മളാണ്, അപ്പോഴാണ് നമുക്ക് സന്തോഷം ഉണ്ടാവുക. നാട്ടുകാര്‍ പറയുന്നത് കേട്ട് ജീവിച്ചാല്‍ അവര്‍ക്കായിരിക്കും സന്തോഷം ഉണ്ടാവുകയെന്നും
അനുപമ വ്യക്തമാക്കി.
എനിക്കും ഭര്‍ത്താവിനും നേരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു. അതിന് പിന്നാലെ പോയിരുന്നെങ്കില്‍ ഇന്ന് കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിക്കുന്ന നില ഉണ്ടാവുമായിരുന്നില്ല. അത് കേട്ടും പ്രതികരിച്ചും നിന്നാല്‍ തളര്‍ന്ന് ഇരിക്കുന്ന നിലയുണ്ടാവുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ഇത്തരം സൈബര്‍ പ്രചാരണങ്ങളില്‍ വിഷമം ഉണ്ടായിരുന്നു. പിന്നീട് തമാശയായി, അവസാനം സൈബര്‍ ആക്രമണങ്ങളെ പരിഗണിക്കാതായെന്നും അനുപമ പറയുന്നു.