തിരുവനന്തപുരം: ദത്ത് വിവാദ കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്.
കുഞ്ഞിനെ പോലീസ് അകമ്പടിയില്‍ കോടതിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കോടതിയില്‍ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഒരുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്.
കുടുംബകോടതിയില്‍ ഡോക്ടറെ എത്തിച്ച് വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷം കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചിരുന്നത്.
കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.