തിരുവനന്തപുരം: സോഷ്യൽമീഡിയയിലൂടെ വലിയ രീതിയിൽ നടക്കുന്ന ഭക്ഷണ സ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് എതിരെ ഡിവൈഎഫ്ഐയുടെ ശക്തമായ പ്രതിഷേധം. ഭക്ഷണത്തിലും മതം കലർത്തി മതതീവ്രവാദികളുടെ വിദ്വേഷ പ്രചരണങ്ങൾ എതിർക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചു. ബീഫും പന്നിയറിച്ചിയും ചിക്കനും ബിരിയാണിയും പച്ചക്കറി ബിരിയാണിയും അടക്കമുള്ള വിഭവങ്ങൾ വിളമ്പിയായിരുന്നു പ്രതിഷേധം.
ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫുഡ് സ്ട്രീറ്റ് പരിപാടിയുടെ സംസ്ഥാന തലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം ആണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമുള്ള, സാമുദായിക ഐക്യത്തിൻറെ നാടാണ് കേരളമെന്ന് എഎ റഹീം പറഞ്ഞു. സമീപകാലത്ത് നമുക്ക് പരിചിതമല്ലാത്ത വിദ്വേഷ ക്യാംപെയിൻ സംഘപരിവാർ അഴിച്ചുവിടുകയാണ്.
ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഹലാൽ വിവാദത്തിൽ എത്തിയിരിക്കുന്നു. മുസ്ലിം നാമധാരികൾ നടത്തുന്ന ഹോട്ടലുകൾക്കെതിരെ, ഹലാൽ ബോർഡുകളുള്ള ഹോട്ടലുകൾക്കെതിരെ ആസൂത്രിത വിദ്വേഷ പ്രചാരണം ആർഎസ്എസ് അഴിച്ചുവിടുകയാണ്. കേരളത്തിലെ ബിജെപി അധ്യക്ഷൻ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയെന്നും എ എ റഹീം വിമർശിച്ചു. എറണാകുളത്ത് ഡോ.സെബാസ്റ്റ്യൻ പോൾ ആണ് ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി നടത്തി.
ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് നടത്തുന്നുവെന്ന് പ്രഖ്യാപനത്തിന് പിന്നാലെ പന്നിയിറച്ചി വിളമ്പാൻ ധൈര്യമുണ്ടോ എന്നായിരുന്നു സംഘപരിവാർ വെല്ലുവിളിച്ചത്. എന്നാൽ പന്നിയും ബീഫും ചിക്കനുമെല്ലാം വിളമ്പി ഭക്ഷണ സ്വാതന്ത്ര്യത്തെ കുറിച്ച് കൃത്യമായ മറുപടി പ്രവർത്തിയിലൂടെ നൽകിയിരിക്കുകയാണ് ഡിവൈഎഫ്ഐ.
‘ഫുഡ് സ്ട്രീറ്റ്’ പൊള്ളേണ്ടവർക്ക് പൊള്ളുന്നുണ്ടെന്ന് ഡിവൈഎഫ്ഐ നേതാവ് എസ്. സതീഷ് പറഞ്ഞു. ചിലർക്ക് സംശയം ഫുഡ് സ്ട്രീറ്റിൽ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തിൽ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലെന്നും ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ലെന്ന് സതീഷ് പ്രതികരിച്ചു.
Discussion about this post