തിരുവനന്തപുരം: റോഡിലെ കുഴിയും അപകടവും ചൂണ്ടിക്കാട്ടിയ നിമിഷം മുതല്‍ 12 മണിക്കൂറിനുള്ളില്‍ പരാതി പരിഹരിച്ച് ലഭിച്ചതിന്റെ അമ്പരപ്പിലാണ് ആലീസ് റീജ ഫെര്‍ണാണ്ടസ് എന്ന യുവതി. ഫേസ്ബുക്കിലൂടെയാണ് ആലീസ് തന്റെ അനുഭവം പങ്കുവെച്ചത്.
ജനങ്ങള്‍ക്ക് വലിയ ദുരന്തം സമ്മാനിച്ചിരുന്ന വെണ്ടുരുത്തി പാലത്തിലെ വലിയ കുഴി ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ അതിവേഗമാണ് മന്ത്രി നടപടി സ്വീകരിച്ചതെന്നും, തുടര്‍ നടപടികള്‍ കൃത്യമായി വിളിച്ചറിയിക്കുകയും ചെയ്തുവെന്നും ആലീസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, ഒരു വോട്ടര്‍ക്ക് കൃത്യമായ അപ്ഡേഷന്‍സ് ആ നിമിഷം മുതല്‍ ഇത് വരെ നല്‍കിക്കൊണ്ട് കൃത്യമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കിക്കൊണ്ട് ജനാധിപത്യത്തില്‍ ഒരു വോട്ടറിനുള്ള സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ട് , ഈ സര്‍ക്കാര്‍ ഇങ്ങനെ എന്നെ അത്ഭുതപ്പെടുത്തുകയാണെന്നും ആലീസ് റീജ വ്യക്തമാക്കി. കേരളത്തിനൊരു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ട്. അത് ബഹുമാനപ്പെട്ട മുഹമ്മദ് റിയാസ് ആണു എന്ന് അടുത്തിടെ ഇറങ്ങിയ ഒരു മാസ് ചലച്ചിത്ര ഭാഷയെ ഞാന്‍ തിരുത്തുകയാണെന്നും ആലീസ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളത്തിനൊരു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ട്. അത് ബഹുമാനപ്പെട്ട മുഹമ്മദ് റിയാസ് ആണു എന്ന് അടുത്തിടെ ഇറങ്ങിയ ഒരു മാസ് ചലച്ചിത്ര ഭാഷയെ ഞാന്‍ തിരുത്തുകയാണു.
ഇന്ന് 23/11/2021 പകല്‍ 10.30 മണിയോടെ തേവര വെണ്ടുരുത്തി പാലത്തില്‍ വച്ച് പാലത്തിലെ കുഴിയില്‍ നിന്നും തെറിച്ച് വീണ ഒരു കല്ല് എന്റെ കാറിന്റെ ടയറില്‍ വന്നിടിക്കുകയും ടയര്‍ പൊട്ടി വണ്ടി നന്നായി പാളുകയും ചെയ്തു. പാലത്തില്‍ വലിയ തിരക്കിലാഞ്ഞതിനാലും കാറിനു വേഗത വളരെ കുറവായിരുന്നു എന്നതിനാലും വലിയ ഒരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്റ്റെപ്പിനി ടയര്‍ ഇട്ടു യാത്ര തുടര്‍ന്നു.
വെണ്ടുരുത്തി പാലത്തിലെ വലിയ കുഴി ഏകദേശം രണ്ട് മാസത്തോളമായി ജനങ്ങള്‍ക്ക് വലിയ ദുരന്തമാണു സമ്മാനിക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി ഗൂഗിളില്‍ നിന്നും ലഭിച്ച നമ്പറില്‍ ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനു ഞാന്‍ ഒരു വാട്സാപ് സന്ദേശം അയച്ചു. എന്നെത്തന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ഉടനടി മറുപടി സന്ദേശം അയക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിമിഷങ്ങള്‍ക്കുള്ളില്‍ എന്നെ ഫോണില്‍ ബന്ധപ്പെടുകയും കുഴിയടയ്ക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.
ഇനിയാണു ഈ സംഭവത്തിലെ യഥാര്‍ത്ഥ ട്വിസ്റ്റ്. ഉച്ചയ്ക്ക് ബഹുമാനപ്പെട്ട മിനിസ്റ്റര്‍ മുഹമ്മദ് റിയാസ് എന്നെ നേരിട്ട് ഫോണില്‍ വിളിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട് എന്നും ഉടനടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും അറിയിക്കുന്നു. ഞാനിത് സത്യമോ മിഥ്യയോ എന്നറിയാതെ വീണ്ടും വീണ്ടും ഫോണിലെ കോള്‍ ലിസ്റ്റ് നോക്കിക്കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞില്ല ഉച്ചയ്ക്കൊരു മൂന്ന് മണിയോടെ കാലാവസ്ഥ മോശമായതിനാല്‍ പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ താത്കാലിക തടസ്സമുണ്ട് എന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വിളിച്ച് അറിയിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നു.
അധികം വൈകാതെ കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് പ്രശ്ന പരിഹാരം നടത്തുമെന്ന് ഉറപ്പ് നല്കുന്നു.
രാത്രി 10.04നു വെണ്ടുരുത്തി പാലത്തിലെ കുഴികള്‍ അടച്ചതായി ബഹു.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അപ്ഡേറ്റ് നല്കുന്നു. അതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണമായ ചിത്രങ്ങള്‍ സഹിതം.
ഈ സര്‍ക്കാര്‍ ഇങ്ങനെ എന്നെ അത്ഭുതപ്പെടുത്തുകയാണു. ഒരു വോട്ടര്‍ക്ക് കൃത്യമായ അപ്ഡേഷന്‍സ് ആ നിമിഷം മുതല്‍ ഇത് വരെ നല്‍കിക്കൊണ്ട് കൃത്യമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കിക്കൊണ്ട് ജനാധിപത്യത്തില്‍ ഒരു വോട്ടറിനുള്ള സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ട്
അഭിമാനത്തോടെ ഞാന്‍ പറയട്ടെ, കേരളത്തിനൊരു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ട്. അത് സഖാവ് മുഹമ്മദ് റിയാസ് ആണു. ഉറപ്പാണു കേരളം ഉറപ്പാണു ഇടതുപക്ഷം
Discussion about this post