വണ്ണപ്പുറം: ഇടുക്കി ഒടിയപാറയിൽ മെറ്റൽ ക്രഷറിയിലെ കുളത്തിൽ ദുരൂഹസാഹചര്യത്തിൽ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുളത്തിൽ ആമ്പൽ പറിക്കാനെത്തിയ ഇരുവരും അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. രതീഷും അനീഷും കഴിഞ്ഞദിവസം ആമ്പൽ പറിക്കുന്നതിനായി ഇവിടേക്ക് വന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേർന്ന കുളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മരിച്ചവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കളും പറഞ്ഞു.
അതേസമയം, മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലുംപോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും പോലീസ് പ്രതികരിച്ചു.