‘ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ’; മനസ്സില്‍ തൊട്ട നിമിഷം പങ്കുവച്ച് നടന്‍ ജയസൂര്യ

തൃശ്ശൂര്‍: വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ മനസ്സില്‍ തൊടുന്ന അനുഭവം പങ്കുവച്ച് നടന്‍ ജയസൂര്യ. വീട്ടിലെ കുട്ടിയ്ക്ക് സ്‌കൂളില്‍ കൊണ്ടുപോകാനായി തയ്യാറാക്കിയ വിഭവം തനിക്കുകൂടി പകുത്തുനല്‍കിയ അമ്മയെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.

‘ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ…’, ഈ സംഭാഷണത്തിനൊപ്പം തനിക്ക് ആഹാരം വിളമ്പിയ ആളുടെയും ഹോട്ടലിന്റെയും ചിത്രങ്ങളും ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്റുകളുമാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചത്.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയായിരുന്നു. പ്രജേഷ് സെന്‍ ചിത്രം വെള്ളത്തിലെ മദ്യപനായ നായക കഥാപാത്രമാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

Exit mobile version