നോക്കുകൂലി ആവശ്യപ്പെട്ടാൽ പിടിച്ചുപറിക്ക് കേസെടുക്കണം; കേരളത്തിലെ ഇതൊക്കെ നടക്കൂ; വിമർശിച്ച് ഹൈക്കോടതി ജസ്റ്റിസ്

കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ തൊഴിലാളികൾക്കും യൂണിയൻ നേതാക്കൾക്കും എതിരെ പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവി ഇത്തരത്തിൽ ഭേദഗതി വരുത്തി ഉടൻ സർക്കുലർ പുറപ്പെടുവിക്കണമെന്നാണ് കോടതി ഉത്തരവ്. നോക്കുകൂലി ആവശ്യപ്പെട്ടെന്നു കണ്ടെത്തിയാൽ അവരുടെ ചുമട്ടുതൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയെ സംബന്ധിച്ച് അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

വെറുതേ നോക്കിനിൽക്കാൻ കൂലി എന്നത് ലോകത്തൊരിടത്തും കേൾക്കാത്ത കാര്യമാണ്. കേരളത്തിൽ മാത്രമേ ഇത് നടക്കൂ. നോക്കുകൂലി എന്ന പരാതിയിൽ യൂണിയൻ നേതാക്കൾക്കെതിരേയും നടപടി വേണം. എങ്കിലേ ഇത് തടയാനാകൂ. പിടിച്ചുപറിക്കു പുറമേ ഐപിസി പ്രകാരമുള്ള മറ്റു വകുപ്പുകൾ പ്രകാരവും കേസെടുക്കണം. വെറുതേ ഉത്തരവിട്ടാൽ മാത്രം തടയാനാകില്ല നോക്കൂകൂലിയെന്നും കോടതി അഭിപ്രായപ്പെട്ടു.

തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടികെ സുന്ദരേശൻ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ എട്ടിനകം ഡിജിപി സർക്കുലർ പുറപ്പെടുവിക്കണമെന്നാണ് കോടതിയുടെ നിർദേശം. ഹർജി പരിഗണിച്ചപ്പോൾ ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയെക്കുറിച്ച് സർക്കാർ കോടതിയെ അറിയിച്ചു.

Exit mobile version