അഞ്ജന മദ്യത്തെ എതിർത്തിരുന്നു, പാർട്ടിക്കിടെ രണ്ട് തവണ മദ്യം നിരസിച്ചെന്ന് സഹോദരൻ; മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലീസ് റോയിക്ക് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവില്ലെന്ന് റോയി പോലീസിനെ അറിയിച്ചെന്നാണ് സൂചന.

കേസിൽ പ്രതികൾക്കെതിരെ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന കോടതി നിരീക്ഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെളിവ് നശിപ്പിക്കൽ മാത്രമേ നിലനിൽക്കുവെന്നാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

ഇതിനിടെ, നമ്പർ 18 ഹോട്ടലിലെ പാർട്ടിക്കിടെ രണ്ടുതവണ മദ്യം വാഗ്ദാനം ചെയ്തിട്ടും അഞ്ജന നിരസിച്ചുവെന്ന് തെളിവുസഹിതം സമർത്ഥിക്കുകയാണ് സഹോദരൻ അർജുൻ. സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് വീഡിയോ കാണിച്ചുതന്നുവെന്നും അർജുൻ പറയുന്നു. അതിലൊന്നും മദ്യപിച്ച ലക്ഷണമില്ല. മദ്യം നിരസിച്ചതായി വ്യക്തമാകുന്നുമുണ്ട്.

പാർട്ടി കഴിഞ്ഞ് അഞ്ജനയുൾപ്പെടെ നാലുപേരും സന്തോഷത്തോടെ ഹോട്ടലിൽനിന്ന് മടങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ സമയം കൈവശം മദ്യക്കുപ്പിയില്ല. കാറിൽനിന്ന് ലഭിച്ചത് നേരത്തേ വാഹനത്തിൽ ഉണ്ടായിരുന്ന കുപ്പിയാകാമെന്നും അർജുൻ പറഞ്ഞു. മദ്യത്തോട് വിയോജിപ്പുള്ളയാളായിരുന്നു സഹോദരി. വീട്ടിലെ ആഘോഷ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിനെ എതിർത്തിരുന്നു. മറ്റെന്തങ്കിലും തരം ബന്ധം അഞ്ജനക്കുള്ളതായി അറിയില്ല. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അർജുൻ പറഞ്ഞു.

അതേസമയം, ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് പിടിച്ചെടുത്തത്. ഹോട്ടലിൽനിന്ന് കാണാതായ ഡിവിആറിനായി കായലിൽ നടത്തിയ തിരച്ചിൽ വിഫലമായി. ഇടക്കൊച്ചി കണ്ണങ്കാട്ട്-വില്ലിങ്ടൺ ഐലൻഡ് പാലത്തിന് താഴെ വേമ്പനാട് കായലിലാണ് ഫയർഫോഴ്‌സിന്റെ മൂന്നംഗ സ്‌കൂബ ഡൈവിങ് സംഘം മുങ്ങിത്തപ്പിയത്. എന്നാൽ, തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.

Exit mobile version