കൊച്ചി: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്.
ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്വീന് (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്.
ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി.
ഇന്നലെയാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി മോഫിയ ആലുവ പോലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ തന്നോട് പോലീസ് മോശമായാണ് പെരുമാറിയതെന്നും സിഐ ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ‘സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന് പറഞ്ഞു.
Discussion about this post