തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശങ്ങളെല്ലാം ഇനി പൊതുജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ അറിയാം. പൊതുമരാമത്ത് പ്രവൃത്തികളുടെ അപാകത പരിഹരിക്കുന്നതിനുള്ള കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരീഡ്, ഡിഎല്‍പി) ഇനി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
പദ്ധതിയുടെ ഉദ്ഘാടനം ബുധന്‍ വൈകുന്നേരം നാലിന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഡിഫക്റ്റ് ലയബിലിറ്റി പിരീഡിലുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍, കരാറുകാരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സൈറ്റില്‍ ഉണ്ടാകും. ഇതോടൊപ്പം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പറും കൂടി സൈറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതോടെ ഡിഎല്‍പി പിരീഡിലുള്ള പ്രവൃത്തികളില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍ പെട്ടാല്‍ കരാറുകാരെയോ ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഡിഎല്‍പി സമയക്രമവും പ്രവൃത്തിക്കൊപ്പം ചേര്‍ക്കും. ഡിഎല്‍പി പിരീഡിലുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും ഭാവിയില്‍ അതാത് സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് പ്രവൃത്തികളുടെ സുതാര്യത പ്രസിദ്ധപ്പെടുത്തുമെന്ന് മന്ത്രി നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.