കൊച്ചി: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൊഫിയ പർവീണിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഭർത്താവിനും രക്ഷിതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥനും എതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പരാതി നൽകിയതിന് പിന്നാലെയായിരുന്നു മൊഫിയയുടെ ആത്മഹത്യ.
ഭർത്താവ് സുഹൈലിന്റെ വീട്ടുകാർ ക്രിമിനലുകളാണെന്നും ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. ‘പപ്പാ, ചാച്ചാ, ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. അവൻ എന്നെ മാനസിക രോഗിയാക്കി. ഞാൻ മരിച്ചാൽ എന്തൊക്കെയാണ് പറഞ്ഞു നടക്കുക എന്ന് അറിയില്ല. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിക്കുന്നയാൾ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. സന്തോഷമായി ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെയുണ്ടാവും.സിഐയ്ക്കെതിരേയും നടപടിയെടുക്കണം. സുഹൈലിന്റെ അച്ഛനും അമ്മയും ക്രിമിനൽസ് ആണ്. അവർക്ക് പരമാവധി ശിക്ഷ നൽകണം. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക രോഗം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരു പാടായി സഹിക്കുന്നു’- മൊഫിയ തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഭർത്താവ് സുഹൈലിനെതിരെയും ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങളുണ്ട്. ”പടച്ചോൻ പോലും നിന്നോട് പൊറുക്കൂല്ല. എന്റെ പ്രാക്ക് എന്നും നിനക്കുണ്ടാവും. അവസാനമായിട്ട് അവനിട്ട് ഒന്നുകൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്നേഹിക്കാൻ പാടില്ലായിരുന്നു”- ആത്മഹത്യാ കുറിപ്പ് ഇങ്ങനെ.
ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ പരാതി നൽകിയ മൊഫിയയോട് ആലുവ സിഐ ഒത്തുതീർപ്പിനായി സംസാരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച് മൊഫിയ സുഹൈലിന്റെ കരണത്തടിച്ചതായും പോലീസ് പറയുന്നു.
Discussion about this post