ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു. ഇന്നലെ യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനായി ആലുവ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ഭര്‍തൃവീട്ടുകാരുമായി ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മോഫിയയെ
ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നാണ് വിവരം. ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.
യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പോലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം.
വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസിനെതിരെ യുവതി ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചതിന് സമാനമായ പരാമര്‍ശം പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നല്‍കാനെത്തിയപ്പോള്‍ സിഐ മോശമായി സംസാരിച്ചെന്നും മോഫിയയുടെ പിതാവ് ആരോപിച്ചു.
കോതമംഗലത്തേക്കായിരുന്നു യുവതിയെ വിവാഹം കഴിച്ചയച്ചത്. ഏപ്രില്‍ മൂന്നിനായിരുന്നു വിവാഹം. സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. ഇയാള്‍ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. സിനിമ എടുക്കണം എന്നെല്ലാം പറഞ്ഞ് നാല്‍പത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും ഏറെ പീഡനങ്ങള്‍ മകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ മോഫിയ വീട്ടിലേക്ക് തിരിച്ചെത്തുകയും സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നതായും പിതാവ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഗാര്‍ഹിക പീഡനത്തിന് യുവതിയുടെ പരാതിയില്‍ ഭര്‍തൃകുടുംബത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, പോലീസിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് അധികൃതര്‍. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല, സമവായ ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനോട് പെണ്‍കുട്ടി മോശമായി പെരുമാറി. ഇത് തടയാന്‍ ഇടപെടുക മാത്രമണ് ചെയ്തതെന്നും പോലീസ് പറയുന്നു.