കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേർ മരിച്ച വാഹനാപകട കേസിൽ വിഐപികളുടെയോ സിനിമാ മേഖലയിലെ വ്യക്തികളുടെയോ പങ്കില്ലെന്ന അന്വേഷണ സംഘത്തിന്റെ നിലപാടിന് എതിരെ ആക്ഷേപം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാതെ തന്നെ ഇത്തരമൊരു നിഗമനത്തിലെത്തിയതിന് പിന്നാലെയാണ് സംശയങ്ങൾ ഉയരുന്നത്.
മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും ഡ്രൈവർ അബ്ദുൾറഹ്‌മാൻ അമിതമായി മദ്യപിച്ച് അതിവേഗം കാറോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്. അപകടത്തിൽ ദുരൂഹതയില്ലെന്നു പറയുമ്പോഴും അതിലേക്ക് നയിച്ച കാര്യങ്ങളിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
മരണത്തിന് മുമ്പ് മോഡലുകൾ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ സിനിമാ രംഗത്തുള്ളവരുടെയും പ്രിയപ്പെട്ട ഇടമാണ്. ഹോട്ടലുടമ റോയിയുടെ സുഹൃത്തുക്കളും മറ്റുമായി പല പ്രമുഖരും ഇവിടെ എത്താറുണ്ട്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും എത്താറുണ്ടെന്നാണ് വിവരം.
ഇവിടെ ഡിജെ പാർട്ടിക്കു ശേഷം നടക്കുന്ന ആഫ്റ്റർ പാർട്ടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്നവരിൽ ഭൂരിഭാഗവും പ്രമുഖരായിരുന്നെന്നാണ് സൂചന. സംഭവ ദിവസം ആഫ്റ്റർ പാർട്ടി നടന്നതായി സംശയിക്കുമ്പോൾ പോലും വിഐപികൾ ആരും വന്നതായി കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. ഇത് ഇത്തരം അന്വേഷണങ്ങൾക്ക് തടയിടാനുള്ള നീക്കമാണെന്നാണ് സംശയം.
ഡിജെ പാർട്ടി ഹാളിലെയും രണ്ടു നിലകളിലെയും സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് എന്തിനാണെന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. മോഡലുകൽ ആരുമായും തർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും പാർട്ടി കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചുവെന്നുമാണ് അന്വേഷണസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.