കോവളം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വിദേശിയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തെ സ്വകാര്യ ഹോട്ടലിലെ കിടപ്പുമുറിയിലാണ് അമേരിക്കക്കാരനായ ഇര്വിന് ഫോക്സിനെ(77) ദയനീയ അവസ്ഥയില്‍ കണ്ടെത്തിയത്. കോവളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വിദേശിയെ കണ്ടെത്തിയത്.
ദേഹമാസകലം ഉറുമ്പ് കടിച്ചുണ്ടായ മുറിവുകള്‍ പഴുത്ത് പുഴുക്കള്‍ പുറത്തുവരുന്ന നിലയിലായിരുന്നു ഇര്വിന്. സ്ഥലത്തെത്തിയ കോവളം ജനമൈത്രി പോലീസാണ് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രം അധികൃതരെ വിവരമറിയിച്ചത്. നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളില്‍ മതിയായ ഭക്ഷണമോ, കുടിവെള്ളമോ സംരക്ഷണമോ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി. ആളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിദേശിയുടെ മുതുകിലും കാലിലും വലിയ മുറിവുകളുണ്ട്. ഇവ ഉണങ്ങിവരാനുള്ള കാലതാമസമുണ്ടാകുമെന്ന് പരിചരിച്ചവര്‍ പറഞ്ഞു. വിദേശിയെ തിരികെ ഹോട്ടലിലേക്കു മാറ്റി വൈദ്യസഹായമുള്‍പ്പെടെയുള്ള സംരക്ഷണം ഏര്‍പ്പെടുത്തി.
Discussion about this post