തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണത്തില്‍ പ്രതികരിച്ച് ജനറല്‍ സെക്രട്ടറി ജെഎസ് ഷിജുഖാന്‍. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ശിശുക്ഷേമ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പാലിച്ചാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്നും ഷിജു ഖാന്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20ന് അനുവദിച്ച രജിസ്‌ട്രേഷന് 2022 ഡിസംബര്‍ വരെ കാലാവധിയുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമിതി പരിപാലിക്കുന്നത്.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സമിതിയെ തള്ളിക്കളയാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈസന്‍സുമായി ബന്ധപ്പെട്ട വിശദീകരണമാണ് ഷിജുഖാന്‍ നല്‍കിയത്. ദത്ത് വിവാദത്തില്‍ അനുപമയോ പങ്കാളിയോ ഉന്നയിച്ച ആരോപണങ്ങളില്‍ ഷിജുഖാന്‍ മറുപടി പറഞ്ഞിട്ടില്ല. ഇവരെ കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. മറിച്ച് ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് അവകാശപ്പെടുന്നതാണ് വിശദീകരണ കുറിപ്പ്.
അതേസമയം, കേസില്‍ ഡിഎന്‍എ പരിശോധനാ നടപടികള്‍ സിഡബ്യൂസി വേഗത്തിലാക്കി. കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎന്‍എ സാമ്പിളുകള്‍ സ്വീകരിച്ചു. മൂന്ന് പേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ഒരുമിച്ചെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. നാളെ വൈകീട്ടോ ബുധനാഴ്ച രാവിലെയോ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം.