ബൈക്ക് യാത്രികനെ കാട്ടുപന്നി കൂട്ടം ഇടിച്ചു തെറിപ്പിച്ചു; സ്വബോധം നശിച്ച് നടുറോഡില്‍ കിടന്നത് അരമണിക്കൂറോളം, യുവാവിന് ഗുരുതര പരിക്ക്

തെന്മല: ഇരുചക്രവാഹന യാത്രികനെ കാട്ടുപന്നി കൂട്ടം ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആര്യങ്കാവ് ആനച്ചാടി സ്വദേശി അശോകനെ(43) പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ സന്ധ്യയ്ക്ക് 6ന് കഴുതുരുട്ടി തകരപ്പുര പാതയില്‍ പളിയന്‍പാറയ്ക്കു സമീപത്തു വച്ചായിരുന്നു കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്.

തെന്മലയിലെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് അശോകന്‍. ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി കാട്ടുപന്നി കൂട്ടം അശോകന്റെ ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ സ്വബോധം നഷ്ടപ്പെട്ട അശോകന്‍ അര മണിക്കൂറോളം റോഡില്‍ കിടന്നു. ഇതുവഴിയെത്തിയ സ്വകാര്യ തോട്ടത്തിലെ സൂപ്പര്‍വൈസര്‍ വിജയനാണ് അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ പാതയില്‍ തന്നെ കുറച്ചുനാള്‍ മുന്‍പ് ബൈക്ക് യാത്രികനെ മ്ലാവ് ഇടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഒരു മാസം മുന്‍പ് തെന്മല ഡാം പത്തേക്കര്‍ പാതയില്‍ ഉറുകുന്ന് സ്വദേശിയായ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകന്‍ ഉറുകുന്ന് സ്വദേശി രാധാകൃഷ്ണനെ സമാന രീതിയില്‍ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിച്ചിരുന്നു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.

Exit mobile version