അമ്പലപ്പുഴ: പത്രക്കെട്ടുമായി ഓരോ വീടും കയറിയിറങ്ങി പത്രവിതരണത്തിന് പുലർച്ചെ അഞ്ചരയ്ക്ക് പുറത്തിറങ്ങുന്ന മേഘ ഒരു നിമിഷം പോലും പാഴാക്കാനില്ലാത്ത ഓട്ടത്തിലാണ്. ജീവിതച്ചെലവും പഠനവും കായിക പരിശീലവും എല്ലാം വിട്ടുവീഴ്ചയില്ലാതെ പൂർത്തിയാക്കുന്ന ഈ പെൺകുട്ടി മിടുമിടുക്കിയെന്ന് ആരും പറയും.ആലപ്പുഴ എസ്ഡി കോളേജിലെ മൂന്നാംവർഷ സുവോളജി ബിരുദവിദ്യാർത്ഥിനിയായ മേഘ പഠനത്തിലും എല്ലാവരേയും പിന്നിലാക്കിയ ചരിത്രമേയുള്ളൂ.
എല്ലാ മേഖലയിലും തിളങ്ങാൻ മേഘയ്ക്ക് കരുത്ത് സ്വന്തം ജീവിതാനുഭവങ്ങളാണ്. പുന്തലയിലെ പഴയ വാട്ടർടാങ്കിനുസമീപം അപ്പൂപ്പൻ മണിയനും അമ്മൂമ്മ രാധമ്മയും ചായക്കട നടത്തിവന്ന ഒറ്റ മുറിയിലാണ് മേഘ ഉൾപ്പടെ ആറ് പേരെ ഉൾക്കൊള്ളുന്ന വീട്.
പഠനത്തിൽ മിടുക്കിയായ ഈ പെൺകുട്ടി പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ്ടുവിനു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് കോളേജിലെത്തിയത്. പാഠ്യേതരപ്രവർത്തനങ്ങളിലും മുന്നിലാണ്. എൻസിസി യൂണിറ്റിൽ അംഗമായ മേഘ, ബി സർട്ടിഫിക്കറ്റുനേടി എ സർട്ടിഫിക്കറ്റിനായുള്ള പരിശ്രമത്തിലാണ്. ക്രിക്കറ്റ് ടീമിലും കബഡി ടീമിലും അംഗമാണ്. സ്‌കൂൾതലം മുതൽ അത്‌ലറ്റിക്സിലും സമ്മാനം നേടിയിട്ടുണ്ട്.
അഞ്ചര തൊട്ട് ഒന്നരമണിക്കൂർ നീളുന്ന പത്രവിതരണത്തിനുശേഷം മടങ്ങിയെത്തിയാൽ കായികപരിശീലനമാണ് പിന്നീട് ഒൻപതരയ്ക്കു ക്ലാസ് തുടങ്ങുംമുൻപേ കോളേജിലെത്തണം. വൈകുന്നേരം രണ്ടുമണിക്കൂർ പുന്തല യുവവേദി വായനശാലയിൽ ലൈബ്രേറിയന്റെ ചുമതല ഏറ്റെടുക്കും. തുടർന്ന് വീട്ടിൽ കുട്ടികൾക്കു ട്യൂഷനെടുക്കൽ അതുകഴിഞ്ഞ് അമ്മയെ സഹായിക്കലും പഠനവും.
അമ്പലപ്പുഴ പുറക്കാട് പുത്തൻനടയിൽ ദേശീയപാതയോരത്തെ ഒരു കടമുറിയാണ് ഇല്ലത്തുപുരയിടം എന്ന പേരുള്ള ഈ പെൺകുട്ടിയുടെ വീട്. മേഘ, അച്ഛൻ, അമ്മ, സഹോദരൻ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിങ്ങനെ ആറുപേരാണിവിടെ കഴിയുന്നത്. ഇവിടെത്തന്നെയാണു കുട്ടികൾക്കു ട്യൂഷനെടുക്കുന്നതും.
മേഘയുടെ അച്ഛൻ പ്രസാദിന് പെയിന്റിങ് ജോലിയാണ്. അമ്മ ലിഷ ചെമ്മീൻ പൊളിക്കാനും തൊഴിലുറപ്പിനും പോകും. ആകെയുള്ളത് മൂന്നുസെന്റ് സ്ഥലമാണ്. ഇവിടെ നിന്നും ദേശീയപാത വീതിക്കൂട്ടുമ്പോൾ ഇതിൽ ഒരുസെന്റു പോകും. താമസിക്കുന്ന കടമുറിയും പൊളിക്കണം.
എല്ലാ ജീവിതി പരീക്ഷകളേയും ചിരിച്ചുകൊണ്ട് നേരിടുന്ന ഈ പെൺകുട്ടിക്ക് സൈന്യത്തിൽ നഴ്‌സാകണമെന്നാണ് ആഗ്രഹം. മിലിറ്ററി പോലീസ് പരീക്ഷയ്ക്കും അപേക്ഷിച്ചിട്ടുണ്ട്. സഹോദരൻ മേഘേഷും പഠനത്തിൽ മിടുക്കനാണ്. പത്താം ക്ലാസിൽ 94 ശതമാനം മാർക്കുനേടിയാണ് വിജയിച്ചത്. ഇപ്പോൾ പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു.