നരേന്ദ്ര മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്ന് വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വിവാദമായ കാര്‍ഷിക ബില്‍ പിന്‍വലിച്ച സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് ശ്രീജിത്ത് രംഗത്തെത്തിയത്.
സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ ഒരു രാഷ്ട്രീയ ബോധ്യമുണ്ടാകുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നതാണ്. പ്രധാനമന്ത്രിക്ക് കര്‍ഷക നിയമത്തില്‍ രാഷ്ട്രീയമായ ബോധ്യമില്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് നിയമം പിന്‍വലിക്കാന്‍ ഇത്രയധികം കാലതാമസമെടുത്തതെന്ന് അദ്ദേഹം ചോദിക്കുന്നു.
നിരവധി കര്‍ഷകരാണ് കൊല്ലപ്പെട്ടത്. നിയമം വേണ്ടിയിരുന്നില്ല എന്നത് ഗുരുനാനാക് ജയന്തിയുടെ തലേന്നല്ലല്ലോ പ്രധാനമന്ത്രിക്ക് മനസിലാകേണ്ടത്. ആ ബോധം എന്തുകൊണ്ട് അദ്ദേഹത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായില്ല. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തിലുള്ളൊരു ദുരിതത്തിലേക്ക് പ്രതിഷേധിക്കുന്ന ആളുകളെ തള്ളിവിട്ടു എന്നൊരു ചോദ്യം നിര്‍ണായകമാണെന്നും ശ്രീജിത്ത് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീജിത്ത് പണിക്കരുടെ വാക്കുകള്‍;
നമ്മുടെ നാട്ടില്‍ കര്‍ഷ ആത്മഹത്യകള്‍ നടക്കുന്നുണ്ട്. നിലവിലുള്ള കര്‍ഷക നിയമങ്ങള്‍ അവരുടെ ആത്മഹത്യ തടയുന്നതിന് പര്യാപ്തമായിരുന്നില്ല. അത്തരത്തിലൊരു പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ ഉണ്ടാകുന്നത്.
ബി.ജെ.പി ആ നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ അത് ആവശ്യമായിരുന്നുവെന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. ഇതിനോടകം നിരവധി കര്‍ഷകരാണ് മരിച്ചത്. ഈ നിയമം ശരിയല്ലായിരുന്നുവെങ്കില്‍ അത് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി എന്തിനാണ് ഇത്രയധികം സമയമെടുത്തത്. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തിലുള്ളൊരു ദുരിതത്തിലേക്ക് പ്രതിഷേധിക്കുന്ന ആളുകളെ തള്ളിവിട്ടു എന്നൊരു ചോദ്യം നിര്‍ണായകമാണ്. ഏറ്റവും ഗുരുതരമായ പ്രശ്നം എന്തുകൊണ്ട് ഈ തീരുമാനം നേരത്തെ തിരുത്തിയില്ല എന്നതാണ്.
എടുക്കുന്ന തീരുമാനങ്ങളില്‍ രാഷ്ട്രീയ ബോധ്യമുണ്ടായിരിക്കുക എന്നത് നമ്മള്‍ ഏതൊരു ഭരണകര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുന്നതാണ്. അത് ഒരു കോര്‍പ്പറേഷന്റെ മേയര്‍ മുതല്‍ രാജ്യത്തെ പ്രസിഡന്റുവരെയുള്ള എല്ലാവര്‍ക്കും ഒരേ പോലെ ബാധകമായിട്ടുള്ള കാര്യമാണ്. കര്‍ഷകര്‍ക്ക് വലിയ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഒരു നിയമം കൊണ്ടു വരികയും പിന്നീട് ആ ഒരു ബോധ്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ ദേശത്തെ പലതവണ പ്രധാനമന്ത്രി തന്നെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്.
പക്ഷേ നിയമത്തിനെതിരെ കര്‍ഷകരുടെ ഭാഗത്ത് നിന്ന് വളരെ ശക്തമായിട്ടുള്ള പ്രതിഷേധം ഉണ്ടാകുന്നു. ഈ നിയമങ്ങളുടെ രാഷ്ട്രീയക്കളിക്കപ്പുറത്ത് ഇത് അത്യന്തികമായി കര്‍ഷകര്‍ക്ക് തന്നെ നേട്ടമുണ്ടാക്കുന്ന നിയമമാണ്. ഈ നിയമം കൊണ്ട് വന്ന് ഇത്രയും കാലം എനിക്കിതില്‍ ബോധ്യമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞവരാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും. എന്നിട്ടവസാനം അവരെടുത്തിരിക്കുന്ന തീരുമാനത്തില്‍ അവര്‍ക്ക് രാഷ്ട്രീയ ബോധ്യമില്ലായിരുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ മനസിലാകുന്നത്.
ഏറ്റവും ഗുരുതരമായ പ്രശ്നം അത് മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് ഇത്രയധികം കാലം വേണ്ടി വന്നു എന്നതാണ്. നിരവധി കര്‍ഷകരാണ് കൊല്ലപ്പെട്ടത്. നിയമം വേണ്ടിയിരുന്നില്ല എന്നത് ഗുരുനാനാക് ജയന്തിയുടെ തലേന്നല്ലല്ലോ പ്രധാനമന്ത്രിക്ക് മനസിലാകേണ്ടത്. ആ ബോധം എന്തുകൊണ്ട് അദ്ദേഹത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായില്ല. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തിലുള്ളൊരു ദുരിതത്തിലേക്ക് പ്രതിഷേധിക്കുന്ന ആളുകളെ തള്ളിവിട്ടു എന്നൊരു ചോദ്യം നിര്‍ണായകമാണ്.
ഏറ്റവും ഗുരുതരമായ പ്രശ്നം എന്തുകൊണ്ട് ഈ തീരുമാനം നേരത്തെ തിരുത്തിയില്ല എന്നതാണ്. ഇത്രയധികം ആളുകളെ കുരുതി കൊടുക്കേണ്ടിയിരുന്നോ എന്ന ഒരു ചോദ്യത്തില്‍ നിന്ന് പ്രധാനമന്ത്രിക്കോ ഭരണകക്ഷിക്കോ ഒളിച്ചോടാന്‍ സാധിക്കില്ല. അതുകൊണ്ട് തീര്‍ച്ചയായിട്ടും പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു എന്നതില്‍ എനിക്ക് സംശയമില്ല.