കൊച്ചി: സംസ്ഥാനത്ത് തക്കാളിയുടെ വിലയിലും വന്‍ കുതിപ്പ്. കിലോയ്ക്ക് നൂറു രൂപ കടന്നു. ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നവംബര്‍ മാസത്തില്‍ പെയ്ത അപ്രതീക്ഷിത മഴയാണ് തക്കാളിവില വര്‍ധിക്കാന്‍ ഇടയായത്.
തമിഴ്നാട്, കര്‍ണാടക എന്നിവയാണ് തക്കാളി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍. മഴകാരണം തക്കാളിയുടെ ഗുണനിലവാരവും കുറഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വില 100 കടന്നു. മഴ ശക്തമായതോടെ മറ്റ് പച്ചക്കറികളുടെ വിലയിലും വര്‍ധനവുണ്ടായി.
കേരളം പച്ചക്കറിക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് കാരണം. കര്‍ണാടകയില്‍ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശം സൃഷ്ടിച്ചു.
വലിയ ഉള്ളിയുടെ വിലയും 50 രൂപ കടന്നു. മൂന്ന് മാസം മുമ്പ് 26-30 രൂപയായിരുന്ന വലിയ ഉള്ളി ഇപ്പോള്‍ 50-60 രൂപയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്.