തിരുവനന്തപുരം: ആന്ധ്രാപ്രദേശിലുള്ള അനുപമയുടെ കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ശിശുക്ഷേമ സമിതി അംഗങ്ങൾ യാത്രതിരിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് രാവിലെ 6.10 ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്.
കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളിൽ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കാനാണ് സാധ്യത. തിരിച്ചുള്ള ടിക്കറ്റ് ഇതുവരെയും സംഘം ബുക്ക് ചെയ്തിട്ടില്ല. അവിടുത്തെ സാഹചര്യം പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. കേരളത്തിൽ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ആന്ധ്രാപ്രദേശിലെ ദമ്പതികളെ അറിയിച്ചിരുന്നു.
കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകും
അതേസമയം അമ്മഅറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയ റിപ്പോർട്ട് നൽകാൻ സി ഡബ്ല്യൂ സിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ദത്തെടുത്ത ദമ്പതികളിൽ നിന്നും കുഞ്ഞിനെ തിരികെയത്തിക്കാൻ നടപടി സ്വീകരിച്ചുവെന്ന് ചൈൽഡ് വെൽഫർ കമ്മിറ്റി ഇന്ന് തിരുവനന്തപുരം കുടുംബ കോടതിയെ അറിയിക്കും.