ആലപ്പുഴ: ചെങ്ങന്നൂരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃപിതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുന്‍പു യുവതി ചിത്രീകരിച്ച വീഡിയോയും യുവതിയുടെ കുടുംബം പുറത്തുവിട്ടു. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂര്‍ പോലീസ് അറിയിച്ചു.
നവംബര്‍ 8നാണ് ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിനു വിഷം കൊടുത്ത ശേഷം വിഷം കഴിച്ചു മരിച്ചത്. അദിതിയുടെ ഭര്‍ത്താവ് നേരത്തേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകള്‍ക്ക് വിഷം നല്കി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത.
നവംബര്‍ 8നായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന് ഡി നമ്പൂതിരി കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭര്‍ത്താവിന്റെ അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ചു തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചിരുന്നു.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതിയിരിക്കുമ്പോഴാണ് അദിതിയുടെ ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുന്‍പു ചിത്രീകരിച്ച വീഡിയോയും കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി അദിതി കത്തില്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ആരോപണവും കത്തിലുണ്ട്.
നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏല്‍ക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന് നമ്പൂതിരി. ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ അനുവദിക്കില്ലെന്നു ഭര്‍തൃപിതാവ് ഭീഷണിപ്പെടുത്തിയെന്നും അദിതിയുടെ കുടുംബം ആരോപിച്ചു.
Discussion about this post