തിരുവനന്തപുരം: ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമം തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
തിരുവനന്തപുരം പട്ടത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് വൈകീട്ടാണ് വിഎസിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.
നവംബര്‍ ഒന്നിനാണ് ശ്വാസ തടസം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ ശക്തമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്കും മാറ്റിയിരുന്നു.
ഒക്ടോബര്‍ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാള്‍ ആയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ ആ പദവി രാജിവെച്ചിരുന്നു.
സോഡിയത്തിന്റെ അളവ് കുറയുന്നതും ഉദര സംബന്ധമായ അസുഖങ്ങളുമാണ് വിഎസിനെ അലട്ടുന്നത്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി മാറി നില്‍ക്കുന്ന വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്ത് പോകാറില്ല.
2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയായിരുന്നു.