പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനിനുള്ളില്‍ പുകവലിച്ചാല്‍ ട്രെയിന്‍ നില്‍ക്കും

തിരൂര്‍: ട്രെയിനിനുള്ളില്‍ പുകവലിച്ചാല്‍ ഇനി ട്രെയിന്‍ നില്‍ക്കും, മാത്രമല്ല കൈയ്യോടെ പിടി വീഴും. കഴിഞ്ഞ ദിവസം നേത്രാവതി എക്സ്പ്രസില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തിരൂരില്‍ നിന്നുപോയിരുന്നു. എച്ച്എല്‍ബി റേക്കുകകളുള്ള എസി കോച്ചിനുള്ളില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിന്നുപോയത്.

തീയോ പുകയോ ഉയര്‍ന്നത് കൊണ്ടാണ് ട്രെയിന്‍ പെട്ടെന്ന് നിന്നതെന്ന് മനസ്സിലായി. വിശദമായ പരിശോധന അധികൃതര്‍ നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്താനായില്ല.

തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് ആരോ പുകച്ചതാണെന്ന് പിന്നീട് മനസ്സിലായി. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍എച്ച്ബി റേക്കുകളുള്ള എല്ലാ എസി കോച്ചുകളിലും ഘടിപ്പിച്ചിട്ടുണ്ട് റെയില്‍വേ.

ഈ സംവിധാനം പുകവലിക്കുന്നവര്‍ക്കും ഹാനികരമാകുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പാടാക്കി വരുന്നുണ്ട്. പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

Exit mobile version